വള്ളിക്കോട് : ഓണവിഭവങ്ങൾക്ക് മധുരം പകരാൻ വള്ളിക്കോട് ശർക്കര പാകമാകുന്നു. ഒരിക്കൽ അന്യംനിന്നുപോയ കരിമ്പ് കൃഷി രണ്ട് വർഷം മുമ്പ് സജീവമായതോടെയാണ് ശുദ്ധമായ വള്ളിക്കോട് ശർക്കര വീണ്ടും ഓണ വിപണിയിലെ താരമാകുന്നത്. മായാലിൽ, വാഴമുട്ടം, വാഴമുട്ടം കിഴക്ക് ഭാഗങ്ങളിലാണ് കരിമ്പ് കൃഷി . വള്ളിക്കോടിന്റെ മധുരപ്പരുമ വീണ്ടെടുക്കാൻ പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും പൂർണ പിന്തുണയും കർഷകർക്കുണ്ട്. വർഷങ്ങൾക്ക് ശേഷം 2022 ലാണ് യുവാക്കളുടെ നേതൃത്വത്തിൽ കരിമ്പ് കൃഷി പുനരാരംഭിച്ചത്. അന്ന് തെറ്റില്ലാത്ത വരുമാനം ലഭിച്ചതിന്റെ ആവേശത്തിലാണ് കൃഷി വ്യാപിപ്പിച്ചത്.ഒരുകാലത്ത് വള്ളിക്കോടിന്റെ മുഖമുദ്ര യായിരുന്നു നെല്ല് പോലെ കരിമ്പ് കൃഷിയും. ഏക്കറ് കണക്കിന് സ്ഥലങ്ങളിൽ വ്യാപിച്ചുകിടന്നിരുന്ന കരിമ്പിൻപാടങ്ങൾ പല ചലച്ചിത്രങ്ങളുടെയും ചിത്രീകരണ സ്ഥലവുമായിട്ടുണ്ട്. ആ നഷ്ട പ്രതാപം വീണ്ടെടുക്കാൻ ഗ്രാമപഞ്ചായത്തും കൃഷി ഭവനും കർഷകരും ചേർന്ന് നടത്തിയ ശ്രമമാണ് ഇപ്പോൾ വിജയത്തിൽ എത്തിയിരിക്കുന്നത്. രാവും പകലും പ്രവർത്തിച്ചിരുന്ന 12 ശർക്കര ചക്കുകളാണ് ഒരുകാലത്ത് പഞ്ചായത്തിൽ ഉണ്ടായിരുന്നത്.
വിളവെടുപ്പും ഉത്പാദനവും തുടങ്ങി
ഓണവിപണിയിലേക്ക് ഇത്തവണ പത്ത് ടൺ ശർക്കരയാണ് ലക്ഷ്യമിടുന്നത്. ഇതിനായുള്ള വിളവെടുപ്പും ഉത്പാദനവും കഴിഞ്ഞ ദിവസങ്ങളിൽ തുടങ്ങി. പന്തളം കൃഷി ഫാമിൽ നിന്നെത്തിച്ച മാധുരി ഇനത്തിൽപ്പെട്ട കരിമ്പ് തലക്കവും മയറൂർ കരിമ്പ് ഉത്പാദക സംഘത്തിൽ നിന്ന് എത്തിച്ച സി.എ 86032 ഇനം തലക്കവുമാണ് കൃഷി ചെയ്തത്. വള്ളിക്കോട് കരിമ്പ് ഉത്പാദക സംഘത്തിന്റെ മായാലിലെ കരിമ്പ് സംസ്കരണ യൂണിറ്റിലാണ് ഉത്പാദനം.
വള്ളിക്കോട് ശർക്കരയുടെ നഷ്ട പ്രതാപം വീണ്ടെടുക്കാൻ കർഷകർക്ക് പഞ്ചായത്തും കൃഷി ഭവനും പൂർണ പിന്തുണ നൽകുന്നുണ്ട്. കരിമ്പ് കൃഷി വികസനം പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി കർഷകർക്ക് പതിനായിരം രൂപ ധന സഹായവും മൂന്ന് ലക്ഷം രൂപ വരെ പലിശ രഹിത വായ്പയായി റിവോൾവിംഗ് ഫണ്ടും നൽകുന്നുണ്ട്.
ആർ.മോഹനൻ നായർ (വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)
-----------------
ഓണത്തിന് ലക്ഷ്യമിടുന്നത് : 10 ടൺ ശർക്കര
കഴിഞ്ഞ ഓണത്തിന് ഉത്പാദിപ്പിച്ചത് : 6 ടൺ
ഒരു കിലോയുടെ വില : 160 രൂപ.
കരിമ്പ് കൃഷിയുള്ളത്
മായാലിൽ, വാഴമുട്ടം, വാഴമുട്ടം കിഴക്ക്