റാന്നി: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയ്ക്കരികിലുള്ള റാന്നി - പെരുമ്പുഴ ബസ് സ്റ്റാൻഡിൽ സ്വകാര്യ, കെ.എസ്.ആർ.ടി.സിലിമിറ്റഡ് സ്റ്റോപ് ബസുകൾ കയറുന്നില്ലെന്ന്പരാതി. യാത്രക്കാരെ കയറ്റി ഇറക്കാൻ റോഡരികിലും, നടുറോഡിലുമാണ് ബസുകൾ പലപ്പോഴും നിറുത്തുന്നത് . ഇത് ഗതാഗതക്കുരുക്കിന് കാരണാകുന്നു. ബസ് സ്റ്റാൻഡിൽ നിയമം പാലിച്ചെത്തുന്ന മറ്റ് ബസുകൾക്ക് കയറാനും ഇറങ്ങാനും ഇത്തരം വാഹനങ്ങൾ കാരണം ബുദ്ധിമുട്ടുണ്ട്. കൂടാതെ യാത്രക്കാർക്ക് അപകടസാദ്ധ്യതയുമുണ്ട്. ഉന്നത നിലവാരത്തിൽ റോഡ് വികസിച്ചതോടെ പാതയിൽ ഗതാഗതത്തിരക്കേറിയിട്ടുണ്ട് . ഇതു വകവയ്ക്കാതെയാണ് ചില ലിമിറ്രഡ് സ്റ്റോപ്പ് ബസുകൾ റോഡിൽ നിറുത്തുന്നത്. കാത്തിരിപ്പ് കേന്ദ്രത്തിലും കടകൾക്ക് മുന്നിലും ബസ് കാത്തുനിൽക്കുന്നവർക്ക് ഇവിടേക്ക് ഓടിയെത്തി വേണം ബസിൽ കയറാൻ. പത്തനംതിട്ടയിൽ നിന്ന് കോഴഞ്ചേരിയിൽ നിന്നും വരുന്ന ചില ബസുകളും റോഡരികിൽ നിറുത്തി ആളുകളെ ഇറക്കിയ ശേഷം പോകാറുണ്ട്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.