പത്തനംതിട്ട : പത്തിലത്തോരൻ ഉൾപ്പെടെ ആരോഗ്യദായക വിഭവങ്ങൾ ഒരുക്കി കുടുംബശ്രീ കർക്കടക ഫെസ്റ്റ്. കർക്കടകത്തിലെ ആരോഗ്യ വിഭവങ്ങളായ പത്തിലത്തോരനും കർക്കടക കഞ്ഞിയും ദശമൂലം പായസവുമാണ് മുഖ്യ ആകർഷണം. കുടുംബശ്രീയുടെ കഫെ ടീം വഴിയാണ് ഇവയുടെ പാചകം. വിവിധ തരത്തിലുള്ള പായസങ്ങൾ, ആരോഗ്യ വിഭവങ്ങൾ, കുടുംബശ്രീ ഉൽപ്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും വിപണനവുമുണ്ട്. ഫെസ്റ്റിന്റെ ഉദ്ഘാടനം പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ആദിലാ.എസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജി മാത്യു മുഖ്യപ്രഭാഷണം നടത്തി. പത്തനംതിട്ട സി.ഡി.എസ് ചെയർപേഴ്‌സൺ പൊന്നമ്മ ശശി, നഗരസഭ കൗൺസിലർ ഷമീർ, അസിസ്റ്റന്റ് ജില്ലാ മിഷൻ കോഡിനേറ്റർ ബിന്ദു രേഖ, ജില്ലാ പ്രോഗ്രാം മാനേജർമാരായ അനുഗോപി, അനുപ, സിറ്റി മിഷൻ മാനേജർ സുനിത.വി, ബ്ലോക്ക് കോർഡിനേറ്റർ ആതിര എസ് നായർ, സ്‌നേഹിതാ സ്റ്റാഫുകളായ ട്രീസ എസ്.ജെയിംസ്, ഗായത്രി ദേവി, ഷീമോൾ ആന്റണി എന്നിവർ സംസാരിച്ചു.
പത്തിലക്കഞ്ഞിയിൽ
തകരയില, കോവിലില്ല, പയറില, സാമ്പാർ ചീര, ചെടിച്ചീര, ചേനയില, ചേമ്പില, മത്തനില, കുമ്പളില, തഴുതാമ എന്നിവ.
പുഷ്പക കഞ്ഞിയിൽ
മുക്കുറ്റി, തൊട്ടാവാടി, തുമ്പ, വള്ളി, വിഴിഞ്ഞ, കീഴാർനെല്ലി, ചെറൂള, തഴുതാമ, മുയൽ ചെവിയൻ, നിലംപരണ്ട എന്നിവ.