ചെങ്ങന്നൂർ: സ്വകാര്യബസുകളും കെ.എസ്ആർ.ടി.സി ബസുകളും കാര്യക്ഷമമായി പ്രവർത്തിക്കുന്നതിലൂടെ ജനങ്ങളുടെ യാത്രാസൗകര്യത്തിന്റെ നിലവാരം ഉയർത്താനാകുമെന്ന് മന്ത്രി സജി ചെറിയാൻ. സ്വകാര്യബസുകൾക്ക് ബൈറൂട്ടുകളിൽ അടക്കം പുതിയ പെർമിറ്റ് നൽകുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ജനകീയസദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കെ.എസ്.ആർ.ടി.സിക്ക് ദോഷകരമാകാത്ത വിധത്തിലാകണം സ്വകാര്യബസുകളുടെ പ്രവർത്തനം.കെ.എസ്.ആർ.ടി.സി എത്തിച്ചേരാത്ത നിരവധി പ്രദേശങ്ങൾ താലൂക്കിലുണ്ട്. ഇവിടെയുള്ള യാത്രക്കാർക്ക് സ്വകാര്യബസുകൾ വലിയ ആശ്വാസമാണെന്ന് മന്ത്രി പറഞ്ഞു. അതേസമയം നിലവിലുള്ള സ്വകാര്യബസുകളെ ദോഷകരമായി ബാധിക്കാത്ത വിധത്തിലാകണം പുതിയ റൂട്ടുകൾ അനുവദിക്കേണ്ടതെന്ന് ബസ് ഉടമകൾ ആവശ്യപ്പെട്ടു. സജീവമായ ചർച്ചയിൽ നിരവധി പരാതികളും പുതിയ ബസ് റൂട്ടിനുള്ള ആവശ്യകതയും ഉന്നയിക്കപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ മന്ത്രിയുടെ നിർദ്ദേശാനുസരണം ഉന്നയിക്കപ്പെട്ട പുതിയ റൂട്ടുകൾ സസൂക്ഷ്മം പഠിച്ച് വിലയിരുത്തി ആർ.ടി.ഒ മുൻപാകെ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. പുതിയ റൂട്ടുകൾ പഠന വിധേയമാക്കിയതിന് ശേഷം മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ട് വരേണ്ടതാണെന്നും തീരുമാനിച്ചു. രാവിലെ 11ന് ചെങ്ങന്നൂർ ഐ.എച്ച്ആർ.ഡി കോളേജിൽ നടന്ന യോഗത്തിൽ ജോയിന്റ് ആർ.ടി.ഒ ആർ.പ്രസാദ്, ചെങ്ങന്നൂർ മുൻസിപ്പൽ ചെയർപേഴ്‌സൺ ശോഭാ വർഗീസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.ജി.ശ്രീകുമാർ (പുലിയൂർ), പുഷ്പലത മധു(ബുധനൂർ), സുനിമോൾ (വെൺമണി), കെ.കെ. സദാനന്ദൻ(മുളക്കുഴ), പ്രസന്ന രമേശ് (ചെറിയനാട്), കെ.ആർ. മുരളീധരൻപിള്ള (ആല), സജൻ (തിരുവൻവണ്ടൂർ), ജയിൻ ജിനു ജേക്കബ്(പാണ്ടനാട്) എന്നിവർ പങ്കെടുത്തു.