തിരുവല്ല :പശ്ചിമഘട്ട സംരക്ഷണത്തിനുള്ള വിദഗ്ദ്ധ സമിതി ശുപാർശകളുടെ അടിസ്ഥാനത്തിൽ അന്തിമ വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കാൻ കേന്ദ്രം തയാറാകണമെന്ന് തപസ്യ ജില്ലാ സമിതി ആവശ്യപ്പെട്ടു. 2014മുതൽ ഈ ആവശ്യം നിലനിൽക്കുകയാണ്. കസ്തൂരിരംഗൻ സമിതി പരിസ്ഥിതിലോല പ്രദേശമായി വിജ്ഞാപനം ചെയ്ത 9993.7ചതുരശ്ര കിലോമീറ്റർ പ്രദേശം യാതൊരു ഇളവുകളും കൂടാതെ സംരക്ഷിത മേഖലയാക്കി നിറുത്തണമെന്നും തപസ്യ ആവശ്യപ്പെട്ടു. ഈ മേഖലയിൽ കടുത്ത പരിസ്ഥിതി ആഘാതമുണ്ടാക്കുന്ന ഖനന,നിർമ്മാണ,കാർഷിക പ്രവർത്തികൾ ഒഴിവാക്കാനുള്ള നടപടികളും സംസ്ഥാനസർക്കാർ കൈക്കൊള്ളണം. ജില്ലയിലെ കോന്നി താലൂക്ക് ഉൾപ്പെടെയുള്ള കിഴക്കൻമേഖലകളും അതീവ ഗുരുതരമായ പാരിസ്ഥിതിക ഭീഷണി നേരിടുന്ന റെഡ്കോർ വിഭാഗത്തിലുള്ള പ്രദേശങ്ങളാണ്. ഈമേഖലയിൽ അനധികൃത ഖനനങ്ങളും കൈയേ‌റ്റങ്ങളും വ്യാപകമാണ്. ഇതിനെതിരെയും ശക്തമായ നടപടികൾ ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. തപസ്യ ജില്ലാ പ്രവർത്തകയോഗം സംസ്കാർഭാരതി ദക്ഷിണഭാരത സംഘടന സെക്രട്ടറി തിരൂർ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല അദ്ധ്യക്ഷൻ എ.അഹമ്മദ് കബീർ അദ്ധ്യക്ഷനായി. ഉണ്ണികൃഷ്ണൻ വസുദേവം, കലഞ്ഞൂർ ജയകൃഷ്ണൻ, നിരണം രാജൻ, ബിന്ദു സജീവ്, ശ്രീദേവി മഹേശ്വർ, മനോജ് ആറൻമുള, മുരളീധരൻപിള്ള വിഷ്ണു പി.എം, ആനന്ദ്ശങ്കർ, ശംഭു പി.എം.രാജലക്ഷ്മി എന്നിവർ സംസാരിച്ചു.