daily

പത്തനംതിട്ട : ഗുരു നിത്യ ചൈതന്യയതി വിശ്വശാന്തിയുടെ കലാതീത പ്രവാചകൻ എന്ന് ഡോ.ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത അഭി​പ്രായപ്പെട്ടു. ഗുരുവിന്റെ ജന്മ ശതാബ്‌ദിയോടനുബന്ധിച്ചു വൈ.എം.സി.എ പത്തനംതിട്ട റീജിയൻ വകയാർ ഗുരുകുല ആശ്രമത്തിൽ നടന്ന ശാന്തി പർവം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതീയ ഇതിഹാസങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഈശ്വര ചൈതന്യം തിരിച്ചറിയുവാൻ ഏവർക്കും കഴിയണം. ഇക്കാര്യത്തിൽ വൈ.എം.സി.എ നേതൃത്വം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
വൈ.എം.സി.എ മുൻ ദേശീയ പ്രസിഡന്റ്‌ ലെബി ഫിലിപ്പ് മാത്യു അദ്ധ്യക്ഷത വഹിച്ചു.
വർക്കല നാരായണ കുലം സെക്രട്ടറി സ്വാമി ത്യാഗീശ്വരൻ അനുഗ്രഹ പ്രഭാഷണം നടത്തി. വൈ.എം.സി.എ ലണ്ടൻ ഐ.എസ്.എച്ച് ഡയറക്ടർ ഡോ.റോയ്സ് മല്ലശ്ശേരി മുഖ്യപ്രഭാഷണം നടത്തി. എം.എസ്.സുരേഷ് , ടി.എസ്.റെജികുമാർ, ബിജുമോൻ കെ. സാമൂവൽ, രാജു ജോൺ, കെ.വി.തോമസ്, ടി.എസ് തോമസ്, സാലി ജോസ്, ജോസ് മാടപ്പള്ളി, കെ.പി,തോമസ്, അനി എം.എബ്രഹാം എന്നിവർ സംസാരിച്ചു.