1
ചേലക്കൊമ്പ് - മല്ലപ്പള്ളി-തിരുവല്ല റോഡിൽ മല്ലപ്പള്ളി സെൻട്രൽ ജംഗ്ഷൻ്റെ തുടക്കത്തിലെ ഗർത്തങ്ങൾ.

മല്ലപ്പള്ളി : കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ഉന്നത നിലവാരത്തിൽ നവീകരണത്തിനായി തുക അനുവദിച്ചിട്ട് ആറുവർഷങ്ങൾക്ക് കഴിഞ്ഞിട്ടും ചേലക്കൊമ്പ് - മല്ലപ്പള്ളി - തിരുവല്ല റോഡിന്റെ സ്ഥലം ഏറ്റെടുപ്പ് നടപടികൾ പൂർത്തിയായിട്ടില്ല. ആദ്യഘട്ടത്തിൽ തന്നെ ഏറ്റെടുക്കേണ്ട സ്വകാര്യ വ്യക്തികളുടെ സ്ഥലം അളന്നു തിട്ടപ്പെടുത്തുകയും,ആവശ്യമായ സ്ഥലം കണ്ടെത്തി കല്ലുകൾ സ്ഥാപിക്കുകയും റോഡ് ഇൻഫ്രാസ്ട്രക്ചർ കോർപറേഷൻ കേരള ലിമിറ്റഡ് (റിക്) ചെയ്തിരുന്നു. നിലവിൽ എട്ടുമുതൽ 10മീറ്റർ വരെ വീതിയുള്ള റോഡിന് നവീകരണത്തിൽ 12മീറ്റർ വീതിയാണ് നിഷ്കർഷിച്ചിരുന്നത്. ഇതിൽ 7മീറ്റർ വീതിയിൽ ടാറിംഗും ഒന്നര മീറ്റർ വീതം ഷോൾഡറും നടപ്പാതയും ഉൾപ്പെടുന്നു. 20.4കിലോമീറ്റർ ദൂരത്തിലുള്ള റോഡിന്റെ നവീകരണത്തിനായി 83കോടി രൂപയാണ് അനുവദിച്ചിരുന്നത്. ജില്ലയിലെ തിരുവല്ല, കുറ്റപ്പുഴ,കുന്നന്താനം, കല്ലൂപ്പാറ, മല്ലപ്പള്ളി, ആനിക്കാട് എന്നീ വില്ലേജുകളിലും കോട്ടയം ജില്ലയിലെ പായിപ്പാട്,നെടുങ്കുന്നം എന്നീ വില്ലേജുകളിലുമായി 2.3835 ഹെക്ടർ സ്ഥലമാണ് (5.89 ഏക്കർ) റോഡിനായി ഏറ്റെടുക്കേണ്ടി വരുന്നത്.

തടസം വസ്തു ഏറ്റെടുക്കുന്നതു സംബന്ധിച്ച കേസ്

2013ലെ എൽ.എ.ആർ.ആർ ആക്ട് പ്രകാരം സ്ഥലവില നൽകി ഭൂമി ഏറ്റെടുക്കുവാനായിരുന്നു തീരുമാനം.എന്നാൽ വസ്തു ഏറ്റെടുക്കുന്നത് സംബന്ധിച്ച് നിരവധി കേസുകൾ ഹൈക്കോടതിയുടെ പരിഗണനയിൽ വന്നതോടെ നിയമം നിഷ്കർഷിക്കുന്ന സാമൂഹിക ആഘാത പഠനം കളമശേരി കേന്ദ്രമായി പ്രവർത്തിക്കുന്ന രാജഗിരി എജ്യുക്കേനൻ ഓൾട്രനേറ്റീവ് ആൻഡ് കമ്മ്യൂണിറ്റി ഹെൽത്ത് സർവീസ് സൊസൈറ്റി നടത്തിയിരുന്നെങ്കിലും കോടതി കേസ് റോഡ് നിർമ്മാണത്തിന് തടസം സൃഷ്ടിച്ചു.

റോഡിന്റെ മിക്കയിടങ്ങളിലും തകർച്ച

ഒരു വർഷങ്ങൾക്കു മുമ്പ് റോഡിന്റെ മിക്കയിടങ്ങളിലും തകർച്ച നേരിട്ടതോടെ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും രണ്ടുമാസം പൂർത്തിയാകുന്നതിനു മുമ്പ് തന്നെ വീണ്ടും റോഡിൽ പഴയപടിയായി. കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ മല്ലപ്പള്ളി സെൻട്രൽ ജംഗ്ഷൻ മുതൽ പായിപ്പാട് വരെയുള്ള ഭാഗങ്ങളിലെ കുഴികളിൽ വീണ് 18 ഇരുചക്ര വാഹന യാത്രക്കാർക്കാണ് പരിക്കേറ്റത്.

...................................................

ആധുനിക രീതിയിലുള്ള റോഡിന്റെ നവീകരണത്തിന് കാലതാമസം ഉണ്ടാകാനുള്ള സാദ്ധ്യത നിലനിൽക്കുന്നതിനാൽ അറ്റകുറ്റപ്പണികൾ അടിയന്തരമായി നടത്തണം.

(നാട്ടുകാർ)​

...................................

തുക അനുവദിച്ചിട്ട് 6വർഷം

38 കോടി അനുവദിച്ചു

...................

റോഡിനായി ഏറ്റെടുക്കേണ്ടിവരുന്നത് 2.3835 ഹെക്ടർ സ്ഥലം (5.89 ഏക്കർ)