പത്തനംതിട്ട : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക്. ജില്ലയിൽ കഴിഞ്ഞ സാമ്പത്തിക വർഷം 71,863 തൊഴിലാളികളായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ അത് 66,601 ആയി കുറഞ്ഞിട്ടുണ്ട്. ഓരോ സാമ്പത്തിക വർഷവും ജോലിവിട്ട് പോകുന്നവരുടെ എണ്ണം കൂടുകയാണ്. ഇരുപത് ലക്ഷത്തോളം തൊഴിലാളികൾ കേരളത്തിൽ തൊഴിലുറപ്പ് ജോലി ചെയ്യുന്നുണ്ട്. ഇതിൽ തൊണ്ണൂറ്റി അഞ്ച് ശതമാനവും സ്ത്രീകളാണ്.
തൊഴിലുറപ്പ് ജോലിയ്ക്കായുള്ള സാധനസാമഗ്രികളടക്കം ശരാശരി 143 കോടി രൂപയാണ് ഒരു വർഷം തൊഴിലുറപ്പ് പദ്ധതിയ്ക്കായി ജില്ലയിൽ ചെലവാകുന്നത്. വേതനത്തിന് മാത്രമായി 112 കോടി രൂപയാണ് ജില്ലയിൽ മാത്രം ചെലവാകുന്നത്. ഒരു വർഷം നൂറ് പണിയാണ് ഒരാൾ ചെയ്യേണ്ടത്. കാട് വെട്ടിത്തെളിക്കുക, കിണർ കുഴിക്കുക, കുളം കുഴിക്കുക തുടങ്ങി വീട് നിർമ്മാണം വരെ തൊഴിലുറപ്പ് സ്ത്രീകൾ ചെയ്യുന്നുണ്ട്
തൊഴിൽ കാർഡുകൾ റദ്ദാക്കി
കഴിഞ്ഞ വർഷം 1621 തൊഴിൽ കാർഡുകളാണ് ജില്ലയിൽ റദ്ദ് ചെയ്തത്. ഈ വർഷം ഇതുവരെ 412 കാർഡുകൾ റദ്ദ് ചെയ്തിട്ടുണ്ട്. ബാക്കി നടപടികൾ നടന്ന് വരികയാണ്. തുടർച്ചയായി ജോലി ചെയ്യാത്തവരുടെ കാർഡുകളാണ് റദ്ദ് ചെയ്യുന്നത്.
കൂലി 341
തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൂലി 341 രൂപയാണ്. കുറഞ്ഞ കൂലി കാരണം നിരവധി പേർ മറ്റ് ജോലികളിലേക്ക് തിരിയുന്നുണ്ട്. നിലവിൽ മറ്റെല്ലാം കൂലി വേലക്കാർക്കും ആയിരത്തിനൊടടുത്ത് കൂലി ലഭിക്കുന്നുണ്ട്.
ജില്ലയിലെ ആകെ തൊഴിലുറപ്പ് കാർഡുകൾ
2022 - 2023 : 71,863
2023- 2024 : 66,601
റദ്ദാക്കിയ കാർഡുകൾ
2024 2025 : 412
2023 - 2024 : 1621
അക്കൗണ്ടുമായുള്ള സാങ്കേതിക തകരാറ് കാരണം ഒരു തൊഴിലാളി രണ്ട് കാർഡ് എടുക്കാറുണ്ട്. അപ്പോൾ ആദ്യത്തെ കാർഡ് റദ്ദ് ചെയ്യേണ്ടി വരും. അത് പോലെ തന്നെ ഭൂവുടമകൾക്കും കാർഡ് നൽകിയിട്ടുണ്ട്. അതും റദ്ദ് ചെയ്യണം. ഒരു ദിവസം പോലും പണി ചെയ്യാത്തവരുടെ കാർഡുകളാണ് റദ്ദ് ചെയ്യുക.
തൊഴിലുറപ്പ് അധികൃതർ