മല്ലപ്പള്ളി : താലൂക്ക് ആശുപത്രിപ്പടി മാരിക്കൽ കൊച്ചുപറമ്പ് റോഡിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചെന്ന് പൊതുമരാമത്ത് അധികൃതർ. താലൂക്ക് വികസനസമിതിയോഗത്തിലാണ് നടപടിയെടുത്തതായി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചത്. വിവിധ സ്ഥലങ്ങളിൽ പൊതുമരാമത്ത് റോഡിന്റെ വശങ്ങളിൽ കൃഷി നടത്തുന്നതിരെ നടപടികൾ സ്വീകരിക്കണമെന്നും കല്ലൂപ്പാറ പഞ്ചായത്ത് ഓഫീസിനും കല്ലൂപ്പാറ ജംഗ്ഷനും ഇടയിൽ റോഡിന്റെ വശത്തെ ഓടകൾക്ക് മൂടിയില്ലാത്തതിനാൽ ഒട്ടേറെ ആളുകൾ അപകടത്തിൽപെടുന്നുവെന്നും പരാതി ഉയർന്നു. മൂടി സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നു. ആനിക്കാട് പഞ്ചായത്തിലെവിവിധ റൂട്ടുകളിൽ ഞായറാഴ്ച ദിവസങ്ങളിൽ ബസ് സർവീസുകൾ നടത്താത്തതു സംബന്ധിച്ച് മോട്ടർ വാഹനവകുപ്പ് നടപടിസ്വീകരിക്കണം. കൊറ്റനാട് പഞ്ചായത്ത് പ്രദേശത്ത് പൊതുമരാമത്ത് റോഡിൽ അപകടഭീഷണിയായി നിൽക്കുന്ന പാഴ്മരങ്ങളും കുന്നന്താനം വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ മതിലിനു സമീപം തോട്ടിൽ നിൽക്കുന്ന മുളകളും മുറിച്ചുമാറ്റണം. കുന്നന്താനം പഞ്ചായത്തിലെ 1, 2 വാർഡുകളിൽസ്ഥിരമായി ഉണ്ടാകുന്ന വൈദ്യുതി മുടക്കത്തിനു പരിഹാരം കാണണം. വിവിധ പ്രദേശങ്ങളിൽ നിന്ന് മഴക്കാലത്ത് മണ്ണ് ഖനനം ചെയ്യുന്നതിനുള്ള അനുമതി നൽകരുത്. പ്രകൃതിക്ഷോഭത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായവർക്ക് എത്രയും വേഗം നഷ്ടപരിഹാരം ലഭിക്കുവാനുള്ള നടപടിസ്വീകരിക്കണമെന്നുള്ള ആവശ്യങ്ങളും വികസനസമിതി യോഗത്തിൽ ഉയർന്നു. യോഗത്തിൽ കുന്നന്താനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ്ബാബു അദ്ധ്യക്ഷത വഹിച്ചു. തഹസിൽദാർ ടി.ബിനുരാജ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ജിജി പി.ഏബ്രഹാം, ഉഷ സുരേന്ദ്രനാഥ്, എസ്. വിദ്യാമോൾഗീത ശ്രീകുമാർ, സൂസൻ ഡാനിയേൽ, രാഷ്ട്രീയ കക്ഷിപ്രതിനിധികളായ ഹബീബ് റാവുത്തർ, സാംകുട്ടി ചെറുകര പാലയ്ക്കാമണ്ണിൽ, ഷെറി തോമസ്, അലക്സ് കണ്ണമല, ബാബു പാലയ്ക്കൽ, ശശികുമാർ ചെമ്പുകുഴി, വി.എസ്.സോമൻ, ജയിംസ് വർഗീസ് എന്നിവരും വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും പങ്കെടുത്തു.