angan
പഴയ അംഗൻവാടി കെട്ടിടം

അടൂർ: കുണ്ടോംവെട്ടത്ത് മലനടയിലെ വർഷങ്ങളുടെ പഴക്കമുള്ള 66-ാം നമ്പർ അങ്കണവാടിയിൽ നിന്ന് കുട്ടികളും അദ്ധ്യാപികയും ആയയും പടിയിറങ്ങി. അങ്കണവാടിക്ക് സമീപമുള്ള വാടക വീട്ടിലായിരിക്കും ഇനി അങ്കണവാടിയുടെ പ്ര വർത്തനം. കാലപ്പഴക്കം മൂലമുള്ള പ്രശ്നങ്ങളെ തുടർന്നാണ് വാടക കെട്ടിടത്തിലേക്ക് മാറിയത്. 1979-ൽ നിർമ്മിച്ച കെട്ടിടമാണിത്. നിരവധി തവണ അറ്റകുറ്റപ്പണി നടത്തിയിരുന്നു. മേൽക്കൂരയിൽ നിന്ന് പട്ടിക ഇളകി ഓട് താഴെ വീഴുന്ന സാഹചര്യവുമുണ്ടായി. വാതിലുകൾ മിക്കതും ഇളകിയ അവസ്ഥയിലാണ്.

പഴയ കെട്ടിടം പൊളിച്ച് പുതിയത് നിർമ്മിക്കണമെന്ന് കാലങ്ങളായി നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്. അധികൃതർക്ക് നിരവധി നിവേദനങ്ങളും നൽകി. മഴക്കാലമായതോടെ കുട്ടികളെ പഴയ കെട്ടിടത്തിൽ പഠിപ്പിക്കുന്നത് അപകടമാണെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു.

കടമ്പനാട് ഗ്രാമപഞ്ചായത്ത് എൻജിനീയറിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തികെട്ടിടം അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തനം മാറ്റിയതെന്ന് പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അധികൃതർ പറഞ്ഞു.

---------------

കുട്ടികളുടെ സുരക്ഷ മുൻനിറുത്തി പുതിയ സംവിധാനം ഏർപ്പെടുത്തിയത് ഉചിതമായി. .അടിയന്തരമായി അങ്കണവാടിയുടെ സ്വന്തം സ്ഥലത്ത് പുതിയ കെട്ടിടം എത്രയും വേഗം നിർമ്മിക്കണം

സഹദേവൻ

രക്ഷാകർത്താവ്

---------------------

പുതിയ കെട്ടിടത്തിനായി ആരോഗ്യ വകുപ്പ് മന്ത്രിക്കും ഡെപ്യൂട്ടി സ്പീക്കർക്കും നിവേദനം നൽകി.

ഷീജ കൃഷ്ണൻ

വാർഡ് മെമ്പർ