car-b

അടൂർ : അപകട മരണം കേട്ട് മരവിച്ച മനസാണ് അടൂരിന്. ഒരു മാസത്തിനുള്ളിൽ ജീവൻ നഷ്ടപ്പെട്ടത് 5 പേർക്ക്. ബൈപ്പാസിൽ മാത്രം നടന്ന അപകടങ്ങളിൽ മൂന്ന് പേരും കെ.പി റോഡിൽ കരുവാറ്റ ഭാഗത്ത് രണ്ട് പേരും അപകടത്തിൽ മരിച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഇരുപത് അപകടമരണങ്ങൾ അടൂർ ബൈപ്പാസിലും മറ്റു ഭാഗങ്ങളിലുമായി ഉണ്ടായി. റിഫ്ലക്ടറുകൾ ഇല്ലാത്തതും, വാഹനങ്ങളുടെ അമിത വേഗവും അനധികൃത പാർക്കിംഗുമാണ് അപകടങ്ങൾക്ക് കാരണം.

തിങ്കളാഴ്ച രാത്രി 7ന് ബൈപ്പാസിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ബൈക്ക് യാത്രികരായ അടൂർ ചാവടിയിൽ ഗ്ലോറി വില്ലയിൽ ടോം സി.വർഗീസ് (23), പത്തനംതിട്ട ഓമല്ലൂർ വാഴമുട്ടം മഠത്തിൽ ജിത്തു രാജ് (26) എന്നിവരാണ് മരിച്ചത്. കാർ തെറ്റായ ദിശയിലും ബൈക്ക് അമിത വേഗതയിലുമായിരുന്നെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

അന്നുതന്നെ കെ.പി റോഡിൽ അടൂർ കരുവാറ്റ ജംഗ്ഷനിലെ സിഗ്നലിനു സമീപം സ്കൂട്ടർ ഡിവൈഡറിൽ ഇടിച്ച് പറന്തൽ ഇടക്കോട് ജീസസ് വില്ലയിൽ തോമസ് ബെന്നി (45) മരിച്ചു. ആറും മൂന്നും വയസുള്ള മക്കളായ സേറ മേരി തോമസ്,ഏബൽ തോമസ് ബെന്നി എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു.

കഴിഞ്ഞ മാസം അടൂർ ബൈപ്പാസിൽ റോഡ് മുറിച്ചുകടന്നയാളെ ഇടിച്ച് റോഡിൽ തെറിച്ചു വീണ സ്‌കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. അടൂർ മണക്കാല തുവയൂർ വടക്ക് അന്തിച്ചിറ നിരവത്ത് മേലേതിൽ മരിയവില്ലയിൽ എബിൻ ഷിജു (21) ആണ് മരിച്ചത്. കരുവാറ്റ ജംഗ്ഷന് സമീപമുണ്ടായ അപകടത്തിലാണ് സ്കൂട്ടർ യാത്രികയായിരുന്ന വീട്ടമ്മ മരിച്ചത്. പെരിങ്ങനാട് മീനത്തേതിൽ സിറിൾ വില്ലയിൽ ലിജി സജി (49) ആണ് മരിച്ചത്. മകനൊപ്പം സ്കൂട്ടറിൽ വരുകയായിരുന്ന ലിജിയുടെ സ്കൂട്ടറിൽ പിന്നാലെ വന്ന കാർ ഇടിക്കുകയായിരുന്നു.

മോട്ടോർ വാഹന വകുപ്പ് സ്ക്വാഡിനെ വിന്യസിച്ച് പരിശോധന ശക്തമാക്കും. റിഫ്ളക്ടറുകൾ സ്ഥാപിക്കാൻ നടപടി തുടങ്ങി.

അരുൺ കുമാർ.കെ, അടൂർ ജോയിന്റ് ആർ.ടി.ഒ ( ഇൻചാർജ് )

അമിതവേഗമാണ് അപകടങ്ങൾക്ക് കാരണം. ബോധവത്കരണവും ക്യാമറ സ്ഥാപിക്കലും, വേഗം നിയന്ത്രണ ബോർഡുകൾ സ്ഥാപിക്കലുമാണ് പരിഹാരം മാർഗങ്ങൾ.

ശ്യാം മുരളി, എസ്.എച്ച്.ഒ അടൂർ