ചെങ്ങന്നൂർ : തീവ്രമായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സമ്പൂർണ പുനരധിവാസത്തിന് 10,000 കോടി രൂപയിൽ കുറയാത്ത പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവരുടെ ബന്ധുക്കൾക്ക് 50,000 രൂപയും പ്രഖ്യാപിച്ചതുകൊണ്ടുമാത്രം വയനാടിന്റെ നേർക്കുള്ള കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്വം അവസാനിക്കുന്നില്ല. മരിച്ചവരുടെ ബന്ധുക്കൾക്ക് 10ലക്ഷം രൂപയും പരിക്കേറ്റവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപയെങ്കിലും നൽകുക, ദുരന്തത്തിൽപ്പെട്ടവർക്ക് വീട്, കുടുംബത്തിൽ ഒരാൾക്കെങ്കിലും സർക്കാർ ജോലി, നിലവിലുള്ള കാർഷിക, വിദ്യാഭ്യാസ, കടങ്ങൾ പൂർണമായും എഴുതിത്തള്ളൽ, അനാഥരായവരെ സംരക്ഷിക്കാൻ വേണ്ട പദ്ധതികൾ, അവരുടെ ഭാവി വിദ്യാഭ്യാസം ഏറ്റെടുക്കൽ, ഉൾപ്പെടെയുള്ള സമ്പൂർണവും സമഗ്രവും ആയ പാക്കേജാണ് വേണ്ടതെന്ന് കൊടിക്കുന്നിൽ പറഞ്ഞു.