ചെങ്ങന്നൂർ : വയനാട്ടിലെ ബെയ്ലി പാലം നിർമാണത്തിൽ പങ്കു ചേർന്ന് ചെങ്ങന്നൂർ സ്വദേശിയും. മദ്രാസ് എൻജിനിയറിംഗ് ഗ്രൂപ്പിലെ നായിക്കായ ചെങ്ങന്നൂർ കാരക്കാട് നെടിയത്ത് വിഷ്ണുഭവനിൽ വിഷ്ണു രാമചന്ദ്രനാണ് അനുഭവം പങ്കു വയ്ക്കുന്നത്. സർവീസിൽ 12 വർഷത്തിൽ ആദ്യമായിട്ടാണ് ഇത്തരമൊരു രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നത്. 31 മണിക്കൂർ ഒരു മിനിറ്റുപോലും വിശ്രമിക്കാതെ പാലത്തിനായി തോളോടു തോൾ നാട്ടുകാർക്കൊപ്പം പ്രവർത്തിച്ചത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണെന്ന് വിഷ്ണു പറയുന്നു. ഹവിൽദാറായി സ്ഥാനക്കയറ്റം ലഭിക്കുന്നതിനുള്ള കോഴ്‌സിൽ ബെംഗളുരുവിൽ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണ് വയനാട്ടിലെ ദൗത്യത്തിന്റെ ഭാഗമാകാനുള്ള നിർദേശം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാരക്കാട് എസ്.വി.എച്ച് എസിലായിരുന്നു പത്താം ക്ലാസ് വരെ പഠിച്ചത്. പിന്നീട് ആലപ്പുഴയിൽ നടന്ന കരസേന റിക്രൂട്ട്മെന്റ് റാലിയിലൂടെയാണ് വിഷ്ണു സേനയിൽ എത്തുന്നത് .അച്ഛൻ രാമചന്ദ്രൻ ,അമ്മ ഗീതകുമാരി ,ഭാര്യ ഗീതു എസ്.പിള്ള ,മകൻ രണ്ടു വയസുള്ള ദക്ഷ് .

........................................

വയനാട് ദുരന്തത്തിൽ ബെയ്ലി പാലം നിർമ്മാണത്തിൽ തുടർച്ചയായി 32 മണിക്കൂർ പ്രവർത്തിച്ച പുത്തൻ കാവ് മെത്രാപ്പോലിത്തൻ ഹയർ സെക്കൻഡറി സ്കൂൾ പൂർവവിദ്യാർത്ഥി വിഷ്ണു രാമചന്ദ്രൻ നാടിന്റെ അഭിമാനമാണ്.

സുനിൽ പി.ഉമ്മൻ

(അദ്ധ്യാപകൻ)