റാന്നി: നാറാണംമൂഴി - വെച്ചൂച്ചിറ പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന മടന്തമൺ -ചെമ്പനോലി - വെച്ചൂച്ചിറ റോഡിൽ യാത്രാ ക്ലേശം രൂക്ഷം. മലയോര മേഖലയായ ഈ പാതയിലൂടെ ബസ് സർവീസ് ബസുകൾ ഒന്നുംതന്നെയില്ല. പ്രദേശത്തെ ജനങ്ങൾ അത്തിക്കയം ഭാഗത്തേക്കും വെച്ചൂച്ചിറ ഭാഗത്തേക്കും എത്തണമെങ്കിൽ ഓട്ടോറിക്ഷാ ഉൾപ്പടെയുള്ള വാഹനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. വിദ്യാർത്ഥികളാണ് ഏറെയും ദുരിതം അനുഭവിക്കുന്നത്. വെച്ചൂച്ചിറ പൊളിടെക്നിക് കോളേജിലേക്കും, കടുമീൻചിറ ഗവ.സ്കൂളിലേക്കും എത്തേണ്ട വിദ്യാർത്ഥികൾ പലപ്പോഴും കിലോമീറ്ററുകൾ കാൽനടയായി യാത്ര ചെയ്യേണ്ട സ്ഥിതിയാണ്. ഇതിനു പുറമെ പ്രദേശത്തെ ജനങ്ങൾ ആശുപത്രി സേവനങ്ങൾക്ക് കൂടുതലായും ആശ്രയിക്കുന്നത് വെച്ചൂച്ചിറ, പെരുനാട്, റാന്നി എന്നിവിടങ്ങളെയാണ്. ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കി നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ബീന ജോബി റാന്നി ആർ.ടി.ഒയ്ക്ക് ഇതേ പാതയിലൂടെ ബസ് സർവീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയിട്ടുണ്ട്. കൂടാതെ ജില്ലാ കളക്ടർ വിളിച്ചു ചേർത്ത യോഗത്തിലും ഇതേ വിഷയം ഉന്നയിച്ചിട്ടുണ്ട്.