വള്ളിക്കോട് : ഓണത്തിന് കൊയ്ത്ത് നടത്താനായി വള്ളിക്കോട് നരിക്കുഴി ഏലായിൽ കൃഷിയിറക്കിയ നെൽകർഷകർ പ്രതിസന്ധിയിൽ. കീട ബാധയും കാലാവസ്ഥാ വ്യതിയാനവുമാണ് തിരിച്ചടിയായത്. പത്ത് ഹെക്ടർ സ്ഥലത്തായിരുന്നു കൃഷി. പ്രതികൂല കാലാവസ്ഥകളെ അതിജീവിച്ച് വളർത്തിയ നെൽച്ചെടികളിൽ കതിർ നിരന്ന ശേഷമാണ് കീടബാധ ഉണ്ടായത്.

ആദ്യം മഞ്ഞളിപ്പ് രോഗമാണ് കണ്ടുതുടങ്ങിയത്. പിന്നാലെ മുഞ്ഞയും ബാധിച്ചു. ഇതിന് പരിഹാരം കണ്ടെത്തിയെങ്കിലും നെൽച്ചെടിയിലെയും കതിരിലെയും നീര് ഊറ്റിക്കുടിക്കുന്ന ജീവികളുടെ ആക്രമണം രൂക്ഷമായി. ഇതോടെ പ്രതിരോധ ശേഷി നഷ്ടപ്പെട്ട് നെൽച്ചെടി നിലംപൊത്താൻ തുടങ്ങി. കൃഷി വകുപ്പിൽ നിന്ന് ഇതിനുള്ള പ്രതിരോധ മരുന്ന് എത്തിച്ചപ്പോഴേക്കും ചെടികൾ കൂട്ടത്തോടെ വാടിക്കരിഞ്ഞ് തുടങ്ങിയിരുന്നു. പിന്നാലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും നിലം പൊത്തിയ നെൽച്ചെടികൾ അഴുകാൻ തുടങ്ങി.

കുറച്ച് കൃഷി ശേഷിക്കുന്നുണ്ടെങ്കിലും കൊയ്തെടുക്കാൻ കഴിയില്ലെന്നും നെല്ലുകളെല്ലാം പതിരാണെന്നും കർഷകർ പറഞ്ഞു.

അപ്പർ കുട്ടനാട് കഴിഞ്ഞാൽ ജില്ലയിൽ ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന പാടശേഖരമാണ് വള്ളിക്കോട്ടേത്. 15 വാർഡുകളിലായി വ്യാപിച്ചു കിടക്കുന്ന പഞ്ചായത്തിൽ അഞ്ഞൂറ് ഏക്കറോളം പാടശേഖരങ്ങളുണ്ട്.

പ്രധാന പേടശേഖരങ്ങൾ

1. വേട്ടക്കുളം, 2.കാരുവേലിൽ, 3.നടുവത്തോടി, 4.നരിക്കുഴി, 5.തലച്ചേമ്പ്, 6.കൊല്ലാ, 7.അട്ടത്തോട്

8.തട്ട

നെൽ കർഷകർ : 210

കൃഷിയിറക്കിയത് 10 ഹെക്ടറിൽ

---------------

കീട ബാധയും കാലാവസ്ഥാ വ്യതിയാനവും വിനയായി