range-rover

തിരുവല്ല : നഗരത്തിലൂടെ അമിത വേഗതയിലെത്തിയ ആഡംബര കാർ ഏഴു വാഹനങ്ങളുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. റോഡരുകിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ഇരിക്കുകയായിരുന്ന ചെങ്ങന്നൂർ തിരുവൻവണ്ടൂർ കണ്ടത്തിൽ കളത്തിൽ കെ.സി ജേക്കബ് (72), ബൈക്കിൽ സഞ്ചരിച്ച തിരുവല്ല ഓതറ ചക്കാലയിൽ വീട്ടിൽ ഷിജിൻ കുര്യൻ (23), ചാത്തങ്കരി ആഞ്ഞിലിമൂട്ടിൽ ഷെറിൻ കുര്യൻ (44) എന്നിവർക്കാണ് പരിക്കേറ്റത്. തലയ്‌ക്ക് പിന്നിൽ മുറിവേറ്റ ജേക്കബിനെ ബിലീവേഴ്‌സ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിന് ഒടിവുണ്ടായ ഷിജിനെയും കാലിന് പരിക്കേറ്റ ഷെറിനെയും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട മറ്റുകാറുകളിൽ ഉണ്ടായിരുന്ന ഗർഭിണി ഉൾപ്പെടെയുള്ള യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു.

തിരുവല്ല - അമ്പലപ്പുഴ സംസ്ഥാനപാതയിൽ കച്ചേരിപ്പടി ലീയാൻസ് ബേക്കറിക്ക് മുന്നിൽ ഇന്നലെ ഉച്ചയ്ക്കുശേഷം 3.20നാണ് അപകടം. തിരുവല്ലയിൽ നിന്ന് പൊടിയാടി ഭാഗത്തേക്ക് പോയ റേഞ്ച് റോവർ കാർ ഓവർടേക്ക് ചെയ്യുന്നതിനിടെ എതിരെവന്ന കാറുകളിൽ ഇടിച്ച് നിയന്ത്രണംവിട്ട് റോഡരുകിലെ കൈവരിയിലിടിച്ചശേഷം പാർക്ക് ചെയ്തിരുന്ന വാഗണർ കാറിലും ഇടിച്ചുനിന്നു. പാർക്ക് ചെയ്തിരുന്ന കാർ മുന്നോട്ട് പോയി മൂന്ന് ബൈക്കുകൾ ഇടിച്ചു മറിക്കുകയായിരുന്നു. കാറുകളും ബൈക്കുകളും അപകടത്തിൽ തകർന്നു.

അപകടമുണ്ടാക്കിയ ഡ്രൈവർ അറസ്റ്റിൽ
അമിത വേഗതയിലെത്തി അപകടമുണ്ടാക്കിയ കാർ ഉടമയുടെ ബന്ധുവായ ഡ്രൈവർ തിരുവല്ല കാരയ്‌ക്കൽ വാരിക്കാട് എബി വർഗീസിനെ (34) പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തെ തുടർന്ന് ഓടിക്കൂടിയ ആളുകളുമായി ഇയാൾ ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് പട്രോളിംഗിനെത്തിയ പൊലീസ്‌ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. സംഭവത്തെതുടർന്ന് തിരുവല്ല - കായംകുളം പാതയിൽ അരമണിക്കൂറിലേറെ ഗതാഗതം മുടങ്ങി. ഫയർഫോഴ്‌സും സ്ഥലത്തെത്തി റോഡിൽ കിടന്ന വാഹനങ്ങൾ നീക്കിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.