പന്തളം: കാട്ടുപന്നിയെ തുരത്താൻ സ്ഥാപിച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകർ മരിച്ച സംഭവം ഞെട്ടലോടെയാണ് നാടുകേട്ടത്. കർഷകരായ ചന്ദ്രശേഖരനും ഗോപാലപിള്ളയ്ക്കും രാവിലെ തന്നെ കുരമ്പാല തോട്ടുകര ഏലായിലെ കൃഷിയിടത്തിൽ എത്തി പണിയെടുക്കുന്ന പതിവുണ്ടായിരുന്നു. പതിവുപോലെ ഇന്നലെ രാവിലെ 7.30 ന് എത്തിയപ്പോൾ ആണ് അപകടം. കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശത്ത് കാർഷിക ഉൽപ്പന്നങ്ങൾ നിരന്തരം നശിപ്പിക്കുന്നതിനെ തുടർന്നാണ് വൈദ്യുതി വേലി ഒരുക്കിയത്. ചന്ദ്രശേഖരനാണ് ആദ്യം ഷോക്കേറ്റത്. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഗോപാലപിള്ളയ്ക്കും ഷോക്കേൽക്കുകയായിരുന്നു.
രാവിലെ 8 മണിയോടെ ചായയുമായി പാടത്ത് എത്തിയ ചന്ദ്രശേഖരന്റെ ഭാര്യ അമ്പിളിയാണ് ഇരുവരും അപകടത്തിൽപ്പെട്ടത് ആദ്യം അറിയുന്നത്. ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മുമ്പ് വിദേശത്തായിരുന്നു ചന്ദ്രശേഖരൻ പ്രവാസി ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി അയൽവാസിയായ ഗോപാലപിള്ളയ്‌ക്കൊപ്പം കൃഷി നടത്തി വരികയായിരുന്നു.
കൃഷി ഉപേക്ഷിച്ച് കർഷകർ
പന്തളം തെക്കേക്കര, തുമ്പമൺ പഞ്ചായത്തുകൾ, കുളനട പഞ്ചായത്തിൽ വിവിധ പ്രദേശങ്ങൾ , നഗരസഭയിലെ കുരമ്പാല തോട്ടുകര, മുക്കോടി, മണ്ണിൽവയൽ പൂഴിക്കാട് പ്രദേശങ്ങളിലും പന്നി ശല്യം രൂക്ഷമാണ്. വാഴയും കപ്പയും കൂടാതെ നെല്ല്, ചേന, ചേമ്പ് എന്നിവയെല്ലാം ഇവ കുത്തിയിളക്കി തിന്നും. ഇഞ്ചിയും മഞ്ഞളും കുത്തിയിളക്കി നശിപ്പിക്കുകയാണ്. പന്നി ശല്യം കാരണം കൃഷി ഉപേക്ഷിച്ച കർഷകരുമുണ്ട്.