കോഴഞ്ചേരി: നീർവിളാകം വഴിയുള്ള പുത്തൻകാവ് - കിടങ്ങന്നൂർ റോഡിന്റെ നിലവിലെ കരാർ പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ്ങ് എൻജിനീയർ ഇടപെട്ട് റദ്ദാക്കി. പത്തനംതിട്ട റോഡ്സ് വിഭാഗം എക്‌സിക്യുട്ടീവ് എൻജിനീയർ പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി ചൊവ്വാഴ്ച റീ ടെൻഡർ നടപടികൾക്കായി സമർപ്പിച്ചു. കരാറെടുത്ത് ഒരു വർഷം കഴിഞ്ഞിട്ടും റോഡിന്റെ അറ്റകുറ്റപ്പണി നടത്താൻ കരാറുകാരൻ തയ്യാറാകാത്തത് കഴിഞ്ഞ ദിവസം കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
കാൽനടയാത്ര പോലും അസാദ്ധ്യമായ നിലയിൽ റോഡ് തകർന്നിട്ടും കരാറുകാരനെ കൊണ്ട് പൊതുമരാമത്തു വകുപ്പ് പണി നടത്താത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് സമരം നടത്തിയിരുന്നു. ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കിനെതിരെ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്ന് മന്ത്രിയുടെ ഓഫീസ് പത്തനംതിട്ട പൊതുമരാമത്ത് വിഭാഗം എക്‌സിക്യുട്ടീവ് എൻജിനീയറോട് വിശദീകരണം തേടിയിരുന്നു. 1420 മീറ്റർ ദൂരത്തിൽ തകർന്ന ഭാഗം പുനരുദ്ധരിക്കാൻ ജൽജീവൻ മിഷൻ കൈമാറിയ 47 ലക്ഷം രൂപ കൂടി ഉൾപ്പെടുത്തി,
ഒരു കോടി നാൽപ്പത്തി ഏഴു ലക്ഷം രൂപയുടെ പുതിയ എസ്റ്റിമേറ്റാണ് പുതുതായി തയ്യാറാക്കി നൽകിയത്.
പ്രവൃത്തിയുടെ സാങ്കേതിക അനുമതി ഉടൻ ലഭ്യമാക്കി എത്രയും വേഗം പുതിയ ടെൻഡർ നടപടികളിലേക്ക് കടക്കുമെന്ന് പത്തനംതിട്ട പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ മുരുകേശൻ അറിയിച്ചു.
പണി വൈകിപ്പിച്ച കരാറുകാരനെ ഒഴിവാക്കി പുതിയ ടെൻഡർ നടപടികളിലേക്ക് കടന്നത് സ്വാഗതാർഹമാണെമെന്നും ഇനിയും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പണി വൈകിച്ചാൽ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സമരം തുടങ്ങുമെന്നും പ്രസിഡന്റ് ആർ.വസന്ത കുമാർ സെക്രട്ടറി എസ്.മുരളി കൃഷ്ണൻ എന്നിവർ അറിയിച്ചു.