തിരുവല്ല : ഗ്രാമീണമേഖലയുടെ വികസനത്തിന് നേതൃത്വം നൽകിയ ജനകീയ ജനപ്രതിനിധിയെയാണ് ലതാ പ്രസാദിന്റെ വിയോഗത്തിലൂടെ നിരണത്തിന് നഷ്ടമായത്. തനിക്ക് നേരിട്ട രോഗത്തെപ്പോലും അവഗണിച്ച് പൊതുപ്രവർത്തനത്തിൽ സജീവ സാന്നിദ്ധ്യമായിരുന്ന ലതാ പ്രസാദിന്റെ വിയോഗം നാടിനെ കണ്ണീരിലാക്കി. ഭർത്താവ് കെ.പ്രസാദ് നടത്തിയിരുന്ന നിരണത്തെ പ്രസാദ് അക്കാഡമിയിൽ നൂറുകണക്കിന് വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട കണക്കുടീച്ചറായിരുന്നു ലത. പിന്നീട് പൊതുരംഗത്തേക്ക് കടന്നുവരികയായിരുന്നു.
ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷം
നിരണം പഞ്ചായത്തിലെ കിഴക്കുംമുറി വാർഡിൽനിന്നും 1995ലാണ് ലതാ പ്രസാദ് ആദ്യമായി ജനപ്രതിനിധിയാകുന്നത്. 2000ൽ വീണ്ടും മത്സരിച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റായി. 2005ലും 2015ലും രണ്ടുതവണ പ്രസിഡന്റ് പദത്തിലെത്തി. 2020ൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 583 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷവും ഇതായിരുന്നു. വീയപുരം ലിങ്ക് ഹൈവേ യാഥാർത്ഥ്യമാക്കിയത് അവർ പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോഴാണ്. കോലറയാർ വീണ്ടെടുത്തതും അപൂർവ നേട്ടമായി. ശുദ്ധജല വിതരണ വിപുലീകരണ പദ്ധതി നടപ്പാക്കി. നിരണം മുകളടി ഗവ.സ്കൂളിൽ പുതിയകെട്ടിടം നിർമ്മിച്ചു. പ്രളയത്തിൽ തകർന്ന വീടുകൾ പുനർനിർമ്മിച്ചു. വെള്ളപ്പൊക്ക ദുരിതബാധിതർക്ക് കൈത്താങ്ങായി. തരിശുപാടങ്ങളിൽ കൃഷിയിറക്കി. ലൈഫ് പദ്ധതിയിൽ ഒട്ടനവധി വീടുകൾ നിർമ്മിച്ചു.
കിലയുടെ ഫാക്കൽറ്റി
വിഷൻ 20-20യിൽ കിലയുടെ ഫാക്കൽറ്റിയും തിരുവല്ല നിയോജകമണ്ഡലം കോർഡിനേറ്ററുമായിരുന്നു. കൊവിഡ് കാലത്ത് കമ്യൂണിറ്റി കിച്ചൻ സജീവമാക്കി. മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ നേതൃത്വം നൽകി. ആശ്രയ ഭവനപദ്ധതി സമ്പൂർണമായി പൂർത്തീകരിച്ച പഞ്ചായത്ത് എന്ന ഖ്യാതി നേടിയെടുത്തു. ജില്ലയിലെ മികച്ച കുടുംബശ്രീ പ്രസ്ഥാനത്തെ ഒരുക്കിയെടുത്തു. ജനറൽ വാർഡിൽനിന്ന് തുടർച്ചയായ 29വർഷം ജനപ്രതിനിധിയായി നാടിനാകെ നേതൃത്വം നൽകിയ ലതാപ്രസാദിന്റെ വിയോഗം തീരാനഷ്ടമായി.