കോന്നി: ഇക്കോ ടൂറിസം സെന്ററിലെ പ്രവേശന ടിക്കറ്റുകൾക്ക് ജി.എസ്.ടി നിലവിൽവന്നു. 18 ശതമാനമാണ് നികുതി ഇനത്തിൽ നൽകേണ്ടത്. ഇതോടെ ടിക്കറ്റ് നിരക്ക് കൂടി. അടവി കുട്ടവഞ്ചി സവാരികേന്ദ്രത്തിൽ നേരത്തെ ജി എസ് ടി നിലവിൽവന്നിരുന്നു. കോന്നി ഇക്കോ ടൂറിസം സെൻറ്ററിൽ നിന്ന് അടവി ഗവി വണ്ടിപ്പെരിയാർ പരുന്തുംപാറ പാക്കേജിന് ഒരാളിന് 300 രൂപയാണ് ജി എസ് ടി വന്നതോടെ കൂടിയത്. വനംവകുപ്പിന്റെ വാഹനത്തിൽ ഒരാൾക്ക് 1900 ആയിരുന്നു ടിക്കറ്റ് നിരക്ക്. ഇപ്പോൾ 2200 ആയി വർദ്ധിച്ചു. കോന്നി ഇക്കോ ടൂറിസം സെന്ററിൽ മുതിർന്നവർക്ക് 80 രൂപയും 18 വയസ് വരെയുള്ള കുട്ടികൾക്ക് 50 രൂപയുമായി പ്രവേശന ഫീസ്. ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് 15 രൂപയും കാറുകൾക്ക് 40 രൂപയും ബസിന് 100 രൂപയുമായി വർദ്ധിച്ചു ഫോട്ടോഗ്രാഫി ഫീസ്. 100 രൂപയും വീഡിയോഗ്രാഫിക്ക് 2500 രൂപയുമാണ് നിരക്ക്. ആനയൂട്ടിന് 2001 രൂപയായി ഫീസ് വർദ്ധിച്ചിട്ടുണ്ട്.