ചെങ്ങന്നൂർ: ഒ.ടി.പി നമ്പർ ചോർത്തി ഓൺലൈൻ തട്ടിപ്പിലൂടെ കാനറാ ബാങ്ക് അക്കൗണ്ടിൽ നിന്നും 1.74 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന് പരാതി. ഇതു സംബന്ധിച്ച് ബാങ്കിൽ പരാതി നൽകിയപ്പോൾ ബാങ്ക് അധികാരികൾ കൈയൊഴിയുന്നതായി അക്കൗണ്ട് ഉടമ. കേന്ദ്രസർക്കാരിന്റെ പേ ആന്റ് അക്കൗണ്ട് സെക്ഷനിൽ നിന്ന് സീനിയർ അക്കൗണ്ട്സ് ഓഫീസറായി വിരമിച്ച ചെങ്ങന്നൂർ യമുനാ നഗറിൽ ആശാരി പറമ്പിൽ കെ.ജി മാത്യുവാണ് തട്ടിപ്പിനിരയായത്. ഇക്കഴിഞ്ഞ മാർച്ച് 23ന് വൈകിട്ട് ഇദ്ദേഹത്തിന്റെ കാനറ ബാങ്ക് ചെങ്ങന്നൂർ ശാഖയിലെ എസ്ബി അക്കൗണ്ടിൽ നിന്നുമാണ് രണ്ടു തവണയായി 1.74 ലക്ഷം രൂപ തട്ടിയെടുത്തത്. 1.49 ലക്ഷം രൂപ ഡെബിറ്റ് കാർഡ് ഉപയോഗിച്ചും 25,000 രൂപ ഓൺലൈൻ ബാങ്കിംഗ് വഴിയുമാണ് തട്ടിയെടുത്തത്. മാർച്ച് 23ന് വൈകിട്ട് മാത്യു മൊബൈൽ സന്ദേശങ്ങൾ പരിശോധിച്ചപ്പോഴാണ് പണം പിൻവലിക്കുന്നതിനുള്ള ഒ.ടി.പി നമ്പർ ഉൾപ്പടെ ബാങ്കിന്റെ ഒരുപാട് സന്ദേശങ്ങൾ ഫോണിൽ കണ്ടത്. ഇതിൽ രണ്ട് തവണ പണം പിൻവലിച്ചതായും കണ്ടു. പരിശോധനയിൽ കാനറാ ബാങ്കിൽ നിന്ന് എച്ച്ഡിഎഫ്സി ബാങ്ക് അക്കൗണ്ടിലേക്കാണ് പണം പോയിരിക്കുന്നത്. എന്നാൽ അക്കൗണ്ട് ഉടമയുടെ അറിവോടെയാണ് പണം പോയിരിക്കുന്നതെന്ന് ബാങ്ക് അധികൃതർ പറയുന്നത്. അക്കൗണ്ട് ഉടമ പൊലീസിലും, സൈബർ സെൽ, ബാങ്കിംഗ് ഓംബുഡ്സ്മാൻ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.