കോന്നി: കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ പോത്തുപാറയിലെ രണ്ട് ക്രഷർ യൂണിറ്റുകളിൽ പണിയെടുക്കുന്ന അഞ്ച്

അന്യസംസ്ഥാനത്തൊഴിലാളികൾക്ക് മന്ത്‌ രോഗം ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചതോടെ രോഗം കൂടുതൽ ആളുകളിലേക്ക് വ്യാപിച്ചിട്ടുണ്ടോ എന്ന ആശങ്കയിൽ നാട്ടുകാർ. 144 തൊഴിലാളിയുടെ രക്ത സാമ്പിളുകൾ പരിശോധന നടത്തിയതിൽ നിന്നുമാണ് അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചത്. എന്നാൽ മന്തു രോഗമല്ലെന്നും മലേറിയ ആണെന്നും കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി പുഷ്പവല്ലി പറഞ്ഞു. പോത്തുപാറ കേന്ദ്രീകരിച്ച് കൊതുകിന്റെ ഉറവിടം കണ്ടെത്തി നശീകരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്. തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളിൽ ബോധവത്കരണവും നടത്തും. രോഗ പ്രതിരോധത്തിന്റെ ഭാഗമായി പ്രത്യേകം മെഡിക്കൽ ക്യാമ്പ് ഇന്നലെ വൈകിട്ട് കൂടൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടത്തി രക്തസാമ്പുകൾ ശേഖരിച്ചിട്ടുണ്ട്. പഞ്ചായത്തിൽ അന്യസംസ്ഥാനത്തൊഴിലാളിയുടെ എണ്ണം ദിവസവും കൂടി വരികയാണ്. പലസ്ഥലത്തും ചെറിയ സൗകര്യങ്ങളുമായാണ് ഇവർ കൂട്ടംകൂടി താമസിക്കുന്നത്. മുൻപ് തൊഴിലാളികളുടെ എണ്ണം ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസും, ആരോഗ്യവകുപ്പ് റവന്യൂ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനവും ചേർന്ന് പരിശോധന നടത്തിയിരുന്നു. പഞ്ചായത്തിലെ മിക്ക സ്ഥലങ്ങളിലും വലിയ രീതിയിൽ മാലിന്യം കൂടിക്കിടക്കുകയാണ്. ഹരിത കർമ്മ സേന ശേഖരിക്കുന്ന മാലിന്യം പോലും ശരിയായ വിധം നീക്കം ചെയ്യുന്നില്ലെന്ന പരാതിയുമുണ്ട്.

................................................

ഇന്നലെ നടത്തിയ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത തൊഴിലാളികളുടെ രക്ത സാമ്പിളുകളുടെ പരിശോധന ഫലം വന്നതിനു ശേഷം മാത്രമേ രോഗം കൂടുതൽ പേരിലേക്ക് വ്യാപിച്ചിട്ടുണ്ടോ എന്ന് അറിയാൻ കഴിയു.

രാജശേഖരൻ ഉണ്ണിത്താൻ

(ഹെൽത്ത് ഇൻസ്പെക്ടർ

കൂടൽ പ്രാഥമിക ആരോഗ്യ കേന്ദ്രം)