d

ഉരുൾപൊട്ടലിന് സമാനമായ മണ്ണിടിച്ചിൽ ഉണ്ടായിട്ടും പഠനം നടന്നിട്ടില്ല

ഇലന്തൂർ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള പ്രദേശങ്ങളായി അധികൃതർ കാണുന്നത് ചിറ്റാർ, സീതത്തോട്, തണ്ണിത്തോട്, പെരുനാട്, അരുവാപ്പുലം പഞ്ചായത്തുകളെയാണ്. ഇൗ പ്രദേശങ്ങളിലെ ജനങ്ങളുടെ ഭീതി അകറ്റാൻ അധികൃതർ പഠനം നടത്തി മുൻകരുതലിന് തയ്യാറെടുക്കുമ്പോൾ ഇലന്തൂരിലെ ഉരുൾപൊട്ടൽ സാദ്ധ്യതാ പ്രദേശങ്ങളിലേക്ക് ആരും തിരിഞ്ഞുനോക്കുന്നില്ല. ഇലന്തൂർ നാലാം വാർഡിലെ ചുരളിക്കോട്, ഇളമലചരിവ്, ഉപ്പുകണ്ടം, കൊട്ടതട്ടി എന്നിവ മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങളാണ്. കോട്ടതട്ടിയിൽ കഴിഞ്ഞ മഴക്കാലത്ത് ഉരുൾപൊട്ടലിന് സമാനമായ മണ്ണിടിച്ചിലുണ്ടായതാണ്. എന്നാൽ, ദുരന്തനിവരാണ വിഭാഗം ഇൗ പ്രദേശത്തെ കാര്യമായി പരിഗണിച്ചിട്ടില്ല. നാല് മലകളും ചരിവുകളും ചേർന്നതാണ് ചുരുളിക്കോട്, ഇലമലചരിവ്, ഉപ്പുകണ്ടം, കൊട്ടതട്ടി പ്രദേശങ്ങൾ.

നൂറാേളം വീടുകളാണ് ഇവിടെയുള്ളത്. കൊട്ടതട്ടിയിൽ കഴിഞ്ഞ മഴയ്ക്ക് മണ്ണിടിച്ചിലുണ്ടായത് വീടുകൾ ഇല്ലാത്ത ഭാഗങ്ങളിലാണ്. ഒാരോ മഴക്കാലത്തും തങ്ങൾ ഭീതിയോടെയാണ് കഴിയുന്നതെന്ന് നാട്ടുകാർ പറയുന്നു.

നാളെ പൊതുസഭ

പ്രദേശവാസികളുടെ ആശങ്ക ചർച്ച ചെയ്യുന്നതിന് ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ നാളെ ഉച്ചയ്ക്ക് രണ്ടിന് ചുരളിക്കോട് വൈ.എം.സി.എ ഹാളിൽ ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെ സാന്നിദ്ധ്യത്തിൽ പൊതുസഭ ചേരുമെന്ന് പാഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാത്യു അറിയിച്ചു.

" വയനാട് ദുരന്തമുണ്ടായതോടെ ചുരളിക്കോട്ട് താമസിക്കാൻ ഭയമാണ്. മാറിത്താമസിക്കാൻ പഞ്ചായത്ത് സ്ഥലം കണ്ടെത്തി നൽകണം"

നാട്ടുകാർ

--------------------

മണ്ണിടിച്ചിൽ ഉണ്ടായത് ചുരളിക്കോട്, ഇളമലചരിവ്, ഉപ്പുകണ്ടം, കൊട്ടതട്ടി പ്രദേശങ്ങളിൽ