റാന്നി: റാന്നി കോളേജ് റോഡരികിലെ ബീവറേജ് ഷോപ്പിന് മുന്നിൽ ഗതാഗതക്കുരുക്ക് രൂക്ഷം. സംസ്ഥാനപാത വികസനം റാന്നിയിൽ ഏതാണ്ട് പൂർത്തിയായെങ്കിലും ടൗണിലെത്തി കോളേജ് റോഡിലേക്ക് തിരിയുന്നവർ ഇപ്പോഴും ബുദ്ധിമുട്ടുന്നു. വിദ്യാർത്ഥികളും സ്ത്രീകളുമാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. ബീവറേജിലേക്കെത്തുന്ന വാഹനങ്ങൾ പാതയോരത്ത് അലക്ഷ്യമായി പാർക്ക് ചെയ്യുന്നതാണ് ഗതാഗതക്കുരുക്കിന് കാരണം. മദ്യപശല്ല്യവും രൂക്ഷമാണ്. . ചില വ്യാപാര സ്ഥാപനങ്ങൾ മറയാക്കി മദ്യപാനം നടക്കുന്നതായി പരാതിയുണ്ട്. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ ഉൾപ്പടെ കടന്നു പോകുന്ന വഴിയിലെ ബീവറേജ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. മതിയായ വഴി സൗകര്യവും പാർക്കിംഗ് സൗകര്യവും ഇല്ലാത്ത സ്ഥലത്താണ് ബീവറേജ് ഷോപ്പ്. ഇതിനു ചുറ്റും പാർക്കിംഗ് നിരോധിത മേഖലയുമാണ്.ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ മിക്കപ്പോഴും ഗതാഗതക്കുരുക്ക് അതിരൂക്ഷമാകും.