മല്ലപ്പള്ളി: കോട്ടയം - കോഴഞ്ചേരി സംസ്ഥാനപാതയിലെ പ്രമുഖ ജംഗ്ഷനുകളിൽ ഒന്നായ വെണ്ണിക്കുളം ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് കത്തുന്നില്ലെന്ന് പരാതി. രണ്ട് മാസമായി ജംഗ്ഷനിൽ സന്ധ്യ മയങ്ങിയാൽ കൂരിരുട്ടാണ്. ലൈറ്റ് തെളിക്കണമെന്നാവശ്യപ്പെട്ട് ജംഗ്ഷനിലെ വ്യാപാരികൾ നിരവധി തവണ പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും നിരാശ മാത്രമാണ് ഫലം. വ്യാപാരസ്ഥാപനങ്ങളിലെ വെളിച്ചം മാത്രമാണ് ജംഗ്ഷനിൽ. അഞ്ചോളം ധനകാര്യ സ്ഥാപനങ്ങളും അറുപതോളം വ്യാപാര സ്ഥാപനങ്ങളും, മൂന്ന് വിദ്യാലയങ്ങളും ജംഗ്ഷൻ കേന്ദ്രമായി പ്രവർത്തിക്കുന്നുണ്ട്. രാത്രിയിൽ ജംഗ്ഷനിൽ ബസ് ഇറങ്ങുന്ന അന്യസംസ്ഥാന തൊഴിലാളികൾ അടക്കമുള്ള യാത്രക്കാർ ഇരുട്ടിൽ തപ്പേണ്ട സ്ഥിതിയാണ്. ജംഗ്ഷനിലും പരിസരപ്രദേശങ്ങളിലും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും മോഷണം വർദ്ധിച്ചു വരുന്നതായും പരാതിയുണ്ട്. കേടാകുന്ന ലൈറ്റുകൾ യഥാസമയം കത്തിക്കുവാൻ പഞ്ചായത്ത് അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
തെരുവുനായ ശല്യം രൂക്ഷം
ജംഗ്ഷനിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായിട്ടുണ്ട്. പകൽ സമയത്ത് പോലും ജംഗ്ഷനിൽ ഇവയുടെ വിളയാട്ടമാണ്. രാത്രിയിൽ ജംഗ്ഷനിൽ ബസ് ഇറങ്ങുന്നവരെ നായ്ക്കൾ ആക്രമിക്കുന്നത് പതിവാണ്. ബസ്റ്റോപ്പിന് സമീപത്തെ മത്സ്യ വിപണന കേന്ദ്രത്തിനോട് ചേർന്നുള്ള കെട്ടിടത്തിന്റെ ഭാഗങ്ങളിലാണ് ഇവർ തമ്പടിക്കുന്നത്.
......................
പ്രഭാത സവാരിക്കാരും പ്രതിസന്ധിയിലാണ്. തെരുവ് നായ്ക്കളുടെ ആക്രമണം വരുക ഭയന്ന് വേണം ജംഗ്ഷനിലൂടെ യാത്ര ചെയ്യുവാൻ. ഹൈമാസ്റ്റ് പ്രകാശിപ്പിച്ചാൽ ഒരു പരിധിവരെ ഇവയെ നേരിടുവാൻ സാധിക്കും.
അനിൽകുമാർ പാട്ടത്തിൽ
(പ്രഭാത സവാരിക്കാരൻ)
................................
പഞ്ചായത്ത് പ്രദേശത്തെ ഹൈമാസ്റ്റ് ലൈറ്റുകളുടെ നവീകരണത്തിനായി 3 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഡി.പി.സി അംഗീകാരം ലഭിച്ചാലുടനെ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പദ്ധതി നടപ്പിലാക്കും.
വിനീത് കുമാർ
(പുറമറ്റം പഞ്ചായത്ത് പ്രസിഡന്റ്)
.............................................
ചുങ്കപ്പാറ ടൗണിലും കൂരിരുട്ട്
ചുങ്കപ്പാറ സെൻട്രൽ ജംഗ്ഷനിലെ ഹൈമാസ്റ്റ് മിഴികളടച്ചു.ഇതോടെ വ്യാപാര സ്ഥാപനങ്ങൾ അടച്ചാൽ ജംഗ്ഷനിൽ കൂരിരിട്ടാണ്. ഹൈമാസ്റ്റ് ലൈറ്റുകൾ കത്താതായതോടെ യാത്രക്കാരും പ്രഭാത സവാരിക്കാരും പാൽ വിതരണക്കാരും ദുരിതത്തിലാണ്.