വള്ളിക്കോട്:​ ത്യക്കോവിൽ ശ്രീപത്​മനാഭസ്വാമിക്ഷേത്രത്തിൽ നിന്ന് 1.50 ലക്ഷം രൂപയുടെ വിളക്കുകൾ മോഷണംപോയി. ക്ഷേത്രത്തിന്റെ നാലമ്പലത്തിന്​ പുറത്ത് കോൺക്രീറ്റിൽ ഉറപ്പിച്ചിരുന്ന 170 ഓട്ടുവിളക്കുകൾ, ചുറ്റമ്പലത്തിന് പുറത്ത് ശിവനടയിൽ തൂക്കിയിട്ടിരുന്ന മൂന്ന് തൂക്കുവിളക്കുകൾ, ദേവീ നട, രക്ഷ നട, നാഗരാജാവ് നട എന്നിവിടങ്ങളിലെ തൂക്കുവിളക്കുകൾ, ഒാടിൽ നിർമ്മിച്ച മൂന്ന് വീതം നിലവിളക്കുകൾ, സോപാനത്തിലെ ആട്ടവിളക്ക്, മൂന്ന് മയിൽ വിളക്ക്, ഏഴ് നിലവിളക്കുകൾ, കിഴക്കേ ഗോപരത്തിന് പുറത്തെ രണ്ട് തൂക്കവിളക്ക് എന്നിവയാണ് മോഷ്ടിച്ചത്. ഒന്നര ലക്ഷത്തോളം രൂപ വിലവരുന്നതാണ് ഇവയെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. എല്ലാം ഭക്തർ നേർച്ച നൽകിയതാണ്. ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെയാണ്​ ജീവനക്കാർ മോഷണവിവരം അറിഞ്ഞത്.​ പത്തനംതിട്ടയിൽ നിന്ന് പൊലീസും ഡോഗ്​ സ്​ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ക്ഷേത്രത്തിൽ സി.സി.ടി.വിയില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രമാണിത്​. രാത്രിയിൽ ഒരു ജീവനക്കാരൻ ഇവിടെ ഉണ്ടായിരുന്നെങ്കിലും മോഷണ വിവരം അറിഞ്ഞില്ല. പുലർച്ചെ രണ്ട് മണിക്ക് ​ശേഷമാകാം മോഷണം നടന്നതെന്ന്​ കരുതുന്നു. ഇത്രയും വിളക്കുകൾ വാഹനത്തിലാകും കടത്തിയതെന്ന് സംശയിക്കുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം ക്ഷേത്രത്തിൽ കണ്ട അപരിചിതനെ പൊലീസ്​ ചോദ്യം ചെയ്യുന്നുണ്ട്​.