റാന്നി : നാറാണംമൂഴി പഞ്ചായത്തിലെ കുടമുരുട്ടി -പെരുന്തേനരുവി മേഖലയിൽ കാട്ടാന ശല്യം രൂക്ഷം. കഴിഞ്ഞ രാത്രിയിൽ കാട്ടാന ഇറങ്ങി പെരുന്തേനരുവി പവർ ഹൗസിന് സമീപം കനാലിനോട് ചേർന്നുള്ള സുരക്ഷാ വേലികൾ നശിപ്പിച്ചു. പെരുന്തേനരുവിക്ക് പുറമെ കുടമുരുട്ടി, കൊച്ചുകുളം, ചണ്ണ മേഖലയിലും കാട്ടാനയുടെ ആക്രമണം ഏറി വരികയാണ്. കൂടാതെ കൊച്ചുകുളം അംബേദ്‌കർ റോഡിലും കാട്ടാന എത്തിയിരുന്നു. മേഖലയിൽ സന്ധ്യ കഴിഞ്ഞാൽ വീടിനു പുറത്തുപോലും ഇറങ്ങാൻ പറ്റാത്ത സ്ഥിതിയാണെന്നാണ് നാട്ടുകാർ പറയുന്നത്. വനം വകുപ്പ് അധികൃതർ ഇടപെട്ട് സ്ഥിരമായി ആന ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാനുള്ള സംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.