തിരുവല്ല : എം.സി റോഡ് ഉൾപ്പെടെ നിരവധി റോഡുകൾ സംഗമിക്കുന്ന മുത്തൂർ ജംഗ്‌ഷനിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വീണ്ടും ട്രാഫിക് സിഗ്നൽ സംവിധാനം ഏർപ്പെടുത്തി. എം.സി റോഡിലെ തിരക്കിലേക്ക് കാവുംഭാഗം, ചുമത്ര, കുറ്റപ്പുഴ എന്നിവിടങ്ങളിൽ നിന്നുള്ള റോഡുകളും സംഗമിക്കുന്നത് മുത്തൂർ ജംഗ്‌ഷനിലാണ്. ഇതുകാരണം ഇവിടെ ട്രാഫിക് സിഗ്നലുകൾ പ്രവർത്തിപ്പിക്കുക സങ്കീർണ്ണവും ദുഷ്കരവുമായിരുന്നു. ഒരുവർഷം മുമ്പ് സിഗ്നൽ സംവിധാനം ഒരുക്കിയെങ്കിലും തിരക്ക് നിയന്ത്രിക്കാൻ പര്യാപ്തമായില്ല. ഇതുകാരണം സംവിധാനം പ്രവർത്തിക്കുന്നത് നിറുത്തിവച്ചിരുന്നു. ഇതേതുടർന്ന് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചാണ് ഗതാഗതക്കുരുക്ക് നിയന്ത്രിച്ചിരുന്നത്. ഗതാഗതമന്ത്രിയുടെയും എം.എൽ.എയുടെയും ജില്ലാ വികസനസമിതിയുടെയും നിർദ്ദേശപ്രകാരം മോട്ടോർ വാഹനവകുപ്പ്, പൊലീസ്, പൊതുമരാമത്ത് വകുപ്പുകൾ സംയുക്തമായി ഇതുസംബന്ധിച്ച് നിരവധി പരിശോധനകൾ നടത്തിയിരുന്നു. ഒടുവിൽ സ്ഥലവും സമയക്രമവും പുനഃക്രമീകരിച്ചാണ് വീണ്ടും സിഗ്നൽ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതനുസരിച്ച് എം.സി റോഡിലൂടെ വരുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ കൂടുതൽ സമയം ലഭിക്കും. രണ്ടുദിവസമായി സിഗ്നൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിച്ചുവരികയാണ്. പത്തനംതിട്ട എം.വി.ഡി എൻഫോഴ്സ്മെന്റ് ആർ.ടി.ഒ എൻ.സി അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പുതുക്കിയ സംവിധാനം പരിശോധിക്കുകയും സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ സിഗ്നലുകൾ വീണ്ടും പ്രവർത്തിച്ചു തുടങ്ങിയത് അറിയാതെയും വകവയ്ക്കാതെയും ചില വാഹനങ്ങൾ പായുന്നുണ്ട്. ജംഗ്ഷനിൽ ട്രാഫിക് അച്ചടക്കം ഉറപ്പാക്കാനും പുതുക്കിയ സംവിധാനവുമായി ജനങ്ങൾ പൂർണ്ണരീതിയിൽ ഇഴുകിച്ചേരുവാനും കുറച്ച് ദിവസമെങ്കിലും പൊലീസിന്റെ മേൽനോട്ടം ആവശ്യമായി വന്നേക്കും.
ജംഗ്‌ഷനിലെ ബസ് സ്റ്റോപ്പ് മാറ്റും
ഗതാഗതതടസം ഉണ്ടാക്കുംവിധം ജംഗ്ഷനോട് ചേർന്നുതന്നെ സ്ഥിതിചെയ്യുന്ന ബസ് സ്റ്റോപ്പ് മാറ്റി സ്ഥാപിക്കാൻ റോഡിന്റെ ചുമതലയുള്ള പൊതുമരാമത്ത്, ദേശീയപാത വിഭാഗത്തോട് ആവശ്യപ്പെട്ടു. ലെയ്ൻ ട്രാഫിക് കർശനമാക്കുന്നതിന് ബാരിയറുകൾ, കോണുകൾ എന്നിവയും റോഡിൽ പലഭാഗത്തും സ്റ്റോപ് ലൈനുകൾ, ദിശാസൂചികകൾ എന്നിവയും ഉടനെവരയ്ക്കും. കാവുംഭാഗത്തു നിന്നും ചങ്ങനാശേരിക്കുള്ള ചെറുവാഹനങ്ങൾ എസ്.എൻ.ഡി.പി ക്ഷേത്രം റോഡിലൂടെ വൺവേ ആയി കടത്തിവിടുക, കാവുംഭാഗം റോഡിലെ പാലത്തിന്റെ അവസ്ഥകൂടി കണക്കിലെടുത്ത് ആ റോഡിൽ ഹെവി വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക, ജംഗ്ഷനിൽ റോഡുകൾക്ക് പരമാവധി വീതികൂട്ടുക എന്നിങ്ങനെ ഗതാഗതക്കുരുക്ക് കുറയ്ക്കാനുള്ള കൂടുതൽ നടപടികൾ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചർച്ചചെയ്ത് നടപ്പിലാക്കുമെന്നും എൻഫോഴ്സ്മെന്റ് ആർ.ടി.ഒ അറിയിച്ചു.