mulayootal

പത്തനംതിട്ട : ലോക മുലയൂട്ടൽ വാരാചരണ ദിനങ്ങളിൽ പോലും പത്തനംതിട്ട നഗരമദ്ധ്യത്തിലെ രണ്ട് മുലയൂട്ടൽ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നില്ല.

നഗരസഭ ബസ് സ്റ്റാൻഡിലെ പ്രഥമ ശുശ്രൂഷ കേന്ദ്രത്തിലെ മുലയൂട്ടൽ മുറിയും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ സ്ഥാപിച്ച കേന്ദ്രവും പ്രവർത്തിക്കുന്നില്ല.

നഗരമദ്ധ്യത്തിൽ ആളുകൾ ഏറെ വന്നുപോകുന്ന സ്ഥലമാണിത്.

ബസ് സ്റ്റാൻഡിലെ പ്രഥമ ശുശ്രൂഷ കേന്ദ്രം

കൊവിഡ് കാലത്തിന് ശേഷം ഇതുവരെ പത്തനംതിട്ട നഗരസഭാ ബസ് സ്റ്റാൻഡിലെ പ്രഥമ ശുശ്രൂഷ കേന്ദ്രം പ്രവർത്തിച്ചിട്ടില്ല. നിരവധി സ്ത്രീകൾക്ക് പ്രയോജനപ്പെടുന്ന മുലയൂട്ടൽ കേന്ദ്രവും ഇവിടെയാണുള്ളത്. രണ്ട് നഴ്സുമാർ രാവിലെ 9 മുതൽ വൈകിട്ട് 4 വരെ ഇവിടെ ജോലിയ്ക്കെത്തിയിരുന്നു. പ്രാഥമിക ശുശ്രൂഷ സേവനങ്ങളും ലഭ്യമായിരുന്നു.

ഇവിടെ ലഭ്യമായ സേവനങ്ങൾ

ജീവിത ശൈലി രോഗ നിർണയം

പ്രഥമ ശുശ്രൂഷ

നെബുലൈസേഷൻ

കൗൺസലിംഗ്

ബി.എം.ഐ നിർണയം

സാനിട്ടറി നാപ്കിനുകളും കുടുംബാസൂത്രണ മാർഗങ്ങളും

പ്രവർത്തനം ആരംഭിക്കാതെ

പത്തനംതിട്ട കെ.എസ്.ആർ.ടി.സിയിൽ സ്റ്റാൻഡിൽ മുലയൂട്ടൽ മുറിയുണ്ടെങ്കിലും തുറന്ന് നൽകിയിട്ടില്ല. ദീർഘദൂരയാത്ര ചെയ്യുന്ന അമ്മയ്ക്കും കുഞ്ഞിനും ഏറെ പ്രയോജനപ്പെടുന്ന കേന്ദ്രമാണിത്. കേന്ദ്രത്തിന് പുറത്ത് മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.

നഗരത്തിൽ രണ്ട് മുലയൂട്ടൽ കേന്ദ്രങ്ങൾ, രണ്ടും പ്രവർത്തിക്കുന്നില്ല

കുഞ്ഞിനേയും കൊണ്ട് ഇരിക്കാൻ പറ്റിയ ഇത്തരത്തിലുള്ള കേന്ദ്രങ്ങൾ വേണം. പത്തനംതിട്ടയിൽ മാത്രമാണ് ഇത്തരം കാര്യങ്ങൾക്ക് അധികൃതർ അലംഭാവം കാട്ടുന്നത്.

അഖില, (യാത്രക്കാരി)