മല്ലപ്പള്ളി: എഴുമറ്റൂർ വായനശാല - കാരമല റോഡ് തകർന്നതോടെ യാത്ര ദുരിതത്തിൽ . 1.5 കിലോമീറ്റർ റോഡ് തകർന്നുകിടക്കാൻ തുടങ്ങിയിട്ട് ആറ് വർഷത്തിലേറെയായി. ടാറിംഗ് പൊട്ടിപ്പൊളിഞ്ഞ് മെറ്റിൽ നിരന്നും കുഴികൾ രൂപപ്പെട്ടും കിടക്കുകയാണ്. ഇരുചക്ര വാഹനങ്ങളിലും , ഓട്ടോറിക്ഷയിലുമുള്ള യാത്രയാണ് ഏറെ ബുദ്ധിമുട്ട്. സ്ഥിരമായി പോകുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നു. ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപ്പെടാറുണ്ട്. ഇതുമൂലം ടാക്സി വാഹനങ്ങൾ ഇതുവഴി വരാൻ മടിക്കുന്നു. അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബസുകളും, നിരവധി യാത്രക്കാരും പോകുന്ന റോഡാണിത്. എഴുമറ്റൂർ പഞ്ചായത്തിലെ 5,13 വാർഡുകളിലൂടെയാണ് പോകുന്നത്. . ശാന്തിപുരം,കാരമല, വാളക്കുഴി മേഖലയിലുള്ളവർക്ക് എഴുമറ്റൂർ ജംഗ്ഷനിൽ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന റോഡാണ് സഞ്ചാരയോഗ്യമല്ലാതായത്.
13 ലക്ഷം രൂപ ചെലവിൽ റോഡിന്റെ തുടക്ക ഭാഗമായ വായനശാല- തടിയൂർ തുണ്ടിക്കടവ് ഭാഗത്തുനിന്ന് 100 മീറ്റർ ദൂരം കോൺക്രീറ്റ് ചെയ്തെങ്കിലും മറ്റ് പണികൾ നടത്തിയില്ല,.
റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനായി 50 ഓളം കുടുംബങ്ങൾ ഒപ്പിട്ട നിവേദനം കഴിഞ്ഞ ദിവസം എം.എൽ.എയ്ക്ക് നൽകി.
രണ്ട് പഞ്ചായത്ത് വാർഡുകൾ സന്ധിക്കുന്ന റോഡിൽ തുക അനുവദിക്കാൻ ഇരു ജനപ്രതിനിധികളും തയ്യാറാകാത്തതാണ് പ്രശ്നം. .
അനസ്
തോമ്പിൽ