പത്തനംതിട്ട : കെ.എസ്.ആർ.ടി.സിയുടെ ഓണം ഇന്റർ സ്റ്റേറ്റ് സർവീസ് ജില്ലയിലെ മലയോര ഹൈവേയെ അവഗണിച്ചു. പുനലൂർ - മൂവാറ്റുപുഴ റോഡിൽ കൂടി ഓണം സ്‌പെഷ്യൽ ബസ് സർവീസുകൾ ഒന്നുമില്ല. മലയോര മേഖലകളിലുള്ള വിദ്യാർത്ഥികൾ, ചെറുകിട കച്ചവടക്കാർ, ടൂറിസ്റ്റുകൾ ഉൾപ്പെടെയുള്ളവർ ബാംഗ്ലൂർ, മൈസൂർ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. പത്തനംതിട്ട, റാന്നി, കോന്നി പ്രദേശങ്ങളെ ബന്ധിപ്പിച്ച് ഇന്റർ സ്റ്റേറ്റ് സ്‌പെഷ്യൽ ബസ് സർവീസുകൾ ഇല്ലാത്തതിനാൽ ഇൗ ഭാഗത്തെ ജനങ്ങൾ യാത്ര ബുദ്ധിമുട്ട് നേരിടുന്നു. സമാന്തര ഒാൺലൈൻ സർവീസുകളെ ആശ്രയിക്കുമ്പോൾ സമയ നഷ്ടവും കൂടുതൽ യാത്രാ ചെലവുമുണ്ടാക്കുന്നു.
ഓണത്തിന് നാട്ടിൽ വന്ന് തിരികെ പോകാൻ മലയോര നിവാസികൾക്ക് ദൂരെ സ്ഥലങ്ങളിൽ ഉള്ള റെയിൽവേ സ്റ്റേഷനുകളെ ആശ്രയിക്കണം. ഓണം സീസണിലെ യാത്രാതിരക്കും ട്രെയിൻ ടിക്കറ്റ് യഥാസമയം കിട്ടുന്നതിനുള്ള ബുദ്ധിമുട്ടും കൂടുതൽ ദുരിതമുണ്ടാക്കുന്നു.
കെ.എസ്.ആർ.ടി.സി ഓണം സ്‌പെഷ്യൽ ഇന്റർസ്റ്റേറ്റ് ബസുകളുടെ ഓൺലൈൻ ബുക്കിംഗ് നാളെ ആരംഭിക്കും. സെപ്തംബർ 9 മുതൽ 23 വരെയാണ് സർവീസുകൾ നടത്തുക.
148 സർവീസുകൾ
കെ.എസ്.ആർ.ടി.സി ഒാണത്തിന് കേരളത്തിലേയ്ക്കും തിരിച്ചും 58 സ്‌പെഷ്യൽ ഇന്റർസ്റ്റേറ്റ് ബസുകളാണ് അധികമായി ആരംഭിക്കുന്നത്. നിലവിൽ സർവീസ് നടത്തിക്കൊണ്ടിരിക്കുന്ന 90 ഇന്റർ സ്റ്റേറ്റ് ബസുകൾ പുറമെയാണ് ബാംഗ്ലൂർ, മൈസൂർ, ചെന്നൈ ഭാഗത്തേയ്ക്ക് അധിക സർവീസുകൾ ആരംഭിക്കുന്നത്. ബാംഗ്ലൂർ, മൈസൂർ, ചെന്നൈ ഭാഗത്ത് നിന്ന് കൊല്ലം, തിരുവനന്തപുരം ഭാഗത്തേയ്ക്കും തിരിച്ചും ദേശീയ പാത വഴിയും എം.സി റോഡ് വഴിയുമാണ് സർവീസ് നടത്തുന്നത്.
'' യാത്രക്കാരുടെ ആവശ്യങ്ങൾ അടങ്ങിയ റിപ്പോർട്ട് ചീഫ് ഒാഫീസിലേക്ക് അയച്ചിട്ടുണ്ട്.
പത്തനംതിട്ട ഡിപ്പോ അധികൃതർ