തിരുവല്ല : നിരണം ഗ്രാമപഞ്ചായത്ത് മുൻപ്രസിഡന്റും സി.പി.എം നിരണം ലോക്കൽ കമ്മിറ്റി അംഗവുമായ ലതാ പ്രസാദിന്റെ വികസന പ്രവർത്തനങ്ങളിലെ അവസാനത്തെ ഇടപെടലിൽ നിരണം പഞ്ചായത്തിലെ മരുതൂർകാവ്–വാരോട്ടിൽ കലുങ്ക് റോഡ്, പുതിയാമഠം–തോട്ടുമട റോഡ് എന്നിവയുടെ നിർമ്മാണത്തിന് 51 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. മൂന്ന് പതിറ്റാണ്ടോളം നിരണത്തെ ജനപ്രതിനിധിയായി പ്രവർത്തിച്ച ലതാ പ്രസാദിന്റെ വികസന ഇടപെടലുകളിൽ അവസാനത്തേതാണിത്. മരുതൂർകാവ്– വാരോട്ടിൽ കലുങ്ക് റോഡിന് 30 ലക്ഷവും പുതിയാമഠം–തോട്ടുമട റോഡിന് 21ലക്ഷവുമാണ് ഭരണാനുമതി ലഭിച്ചത്. റോഡിന്റെ നിർമ്മാണത്തിനായി മാത്യു ടി.തോമസ് എം.എൽ എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് തുക അനുവദിച്ചാണ് ഭരണാനുമതി .
ലതാ പ്രസാദിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഒരു പഞ്ചായത്ത് വാർഡിൽ നിന്ന് മൂന്ന് ദശാബ്ദത്തോളം തുടർച്ചയായി ജനപ്രതിനിധി ആവുകയെന്നത് നാട് നൽകുന്ന അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി എം.ബി രാജേഷും അനുശോചിച്ചു.