ചെങ്ങന്നൂർ : ഏകമകന്റെ രോഗാവസ്ഥ തകർത്തെറിഞ്ഞ ജീവിതത്തെ സമൂഹത്തിനാകെ സാന്ത്വനം പകർന്ന് തിരികെ പിടിക്കുകയാണ് പുലിയൂർ ഇലഞ്ഞിമേൽ കൈപ്പള്ളിൽ റോബിൻ വില്ലയിൽ രാജൻ കൈപ്പള്ളിയും ഭാര്യ ലീലാമ്മ കൈപ്പള്ളിയും. വൈകല്യങ്ങളോടെ ജനിച്ച മകൻ റോബിന് 36 വയസ് പിന്നിട്ടെങ്കിലും സംസാരശേഷിയോ ചലനശേഷിയോ ഇല്ല. അപ്സമാര ബാധയാണ് രോഗാവസ്ഥ.
ഡൽഹിയിലെ ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ നഴ്സിംഗ് ഹെഡ് ആയിരുന്നു ലീലാമ്മ. സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്ന രാജൻ ലീലാമ്മയെ പ്രണയിച്ചാണ് വിവാഹം കഴിച്ചത്.
വിവിധ ചികിത്സകൾ നടത്തിയെങ്കിലും 1996ൽ കുട്ടിയുടെ രോഗാവസ്ഥയെ തുടർന്ന് ഇവർ നാട്ടിലെത്തി. 37 സെന്റ് കുടുംബ വസ്തു വിറ്റുവരെ ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല. വാടക വീട്ടിലെ ദുരിത ജീവിതത്തിൽ മകനെ സംരക്ഷിച്ചവരവേ ലീലാമ്മ അർബുദ രോഗ ബാധിതയുമായി. വൈകല്യമുള്ള കുട്ടികൾക്ക് ലഭിക്കുന്ന പ്രതിമാസ ധനസഹായമായ 1600 രൂപയും ചെറിയനാട് പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്ന് കിട്ടുന്ന ഓണറേറിയവും മാത്രമാണ് ഇവരുടെ വരുമാനം.
നിരവധി കുടുംബങ്ങൾക്ക് ആശ്വാസം
മകന്റെ രോഗം നിരാശപ്പെടുത്താത്ത മനസുമായി രാജൻ വൈകല്യമുള്ള കുട്ടികളുടെ ക്ഷേമത്തിനായി ഇറങ്ങി തിരിച്ചത് നിരവധി കുടുംബങ്ങൾക്കാണ് ആശ്വാസമായത്.കേരളത്തിലെമ്പാടും സഞ്ചരിച്ച് വൈകല്യമുള്ള കുട്ടികളുടെ വീടുകളുമായി ബന്ധപ്പെട്ടു. അവർക്ക് സാന്ത്വനമേകി, രോഗീ പരിചരണത്തിന് പുതിയ മാതൃകകളും ആവശ്യകതയും പകർന്നുനൽകി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ജീവകാരുണ്യമേഖലയിൽ രാജനുണ്ട്. ആൻഡമാൻ നീക്കോബാർ ദ്വീപിൽ ഒന്നര വർഷം താമസിച്ച് അവിടുത്തെ താമസക്കാരായ തമിഴ്, മലയാളി ,ഹിന്ദി എന്നീ ഭാഷക്കാരായ വൈകല്യമുള്ള കുട്ടികളെ കണ്ടെത്തി അവിടുത്തെ സർക്കാരിൽ നിന്ന് പ്രതിമാസം 3000 രൂപ പെൻഷൻ നൽകാനുള്ള പദ്ധതിക്ക് രൂപം നൽകി. പ്രവർത്തനങ്ങളെ മാനിച്ച് എഴുപതോളം അവാർഡുകൾ രാജനെ തേടിയെത്തി.