നാരങ്ങാനം: തന്റെ അഞ്ചു ദിവസത്തെ ലോട്ടറി വില്പന വരുമാനം വയനാടിന്റെ ദുരന്തഭൂമിയുടെ പുന:സൃഷ്ടിക്കായി നൽകാൻ ഈ വീട്ടമ്മയും. നാരങ്ങാനം ആലുങ്കൽ ജംഗ്ഷനിൽ ലോട്ടറിക്കച്ചവടം നടത്തുന്ന പരിയാരം മാനുമ്പാറയിൽ സുരേന്ദ്രന്റെ ഭാര്യ ശ്രീജയാണ് മാതൃകയാകുന്നത്. ഒന്നര വർഷമായി ലോട്ടറി വില്പനരംഗത്തുള്ള ശ്രീജ വരുമാനത്തിന്റെ ഒരു ഭാഗം സഹായമായി നൽകാറുണ്ട്. ഭർത്താവ് സുരേന്ദ്രനും ലോട്ടറി വിൽപ്പനയാണ് തൊഴിൽ. ഭാര്യയുടെ സഹായമനസിന് എല്ലാ പിന്തുണയും നൽകുന്നു. ഭാഗ്യക്കുറിയെടുത്ത് ശീലമില്ലാത്തവരും തന്റെ ലക്ഷ്യമറിഞ്ഞ് ടിക്കറ്റെടുക്കുന്നതായി ശ്രീജ പറഞ്ഞു.