പത്തനംതിട്ട: ഹോംനഴ്സ് ചമഞ്ഞ് വീട്ടിൽ അടുത്തുകൂടിയശേഷം വൃദ്ധയുടെ കഴുത്തിൽ കിടന്ന സ്വർണ്ണമാല ഉൾപ്പടെ അഞ്ച് പവൻ മോഷ്ടിച്ച് കടന്നുകളഞ്ഞ ഹോം നഴ്സും ഭർത്താവും പൊലീസ് പിടിയിലായി. ഇടുക്കി ഏലപ്പാറ റോസ് മല വീട്ടിൽ വിക്ടോറിയ രാമയ്യൻ (മിനി - 39), ഭർത്താവ് കോട്ടയം കല്ലറ സൗത്ത് രേണുകഭവനത്തിൽ ജയകാന്തൻ (സുന്ദരൻ - 49) എന്നിവരെയാണ് പന്തളം പൊലീസ് അറസ്റ്റ് ചെയ്തത്. തുമ്പമൺ സ്വദേശിനിയുടെ ആഭരണമാണ് കവർന്നത്.
മോഷണശേഷം നാടുവിട്ട മിനി തിരുവനന്തപുരത്തെ ഹോട്ടലിൽ ജോലി ചെയ്തിരുന്ന ജയകാന്തനുമായി ചേർന്ന് തിരുവനന്തപുരം ചാലയിലുള്ള ഒരു സ്ഥാപനത്തിൽ സ്വർണ്ണ മോതിരം വിറ്റു. നാലുദിവസത്തിനു ശേഷം കോട്ടയത്ത് എത്തി പ്രമുഖ ജുവല്ലറിയിൽ മാല അടക്കമുള്ള സ്വർണാഭരണങ്ങൾ വിറ്റു. തൃശൂർ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ സമാനമായ കേസിലെ പ്രതിയാണ് വിക്ടോറിയ. സുന്ദരൻ എറണാകുളത്ത് കത്തിക്കുത്ത് കേസിൽ പ്രതിയായി മൂന്നുവർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അടൂർ ഡിവൈ.എസ്.പി നിയാസിന്റെ നേതൃത്വത്തിൽ പന്തളം എസ്.എച്ച്.ഒ റ്റി.ഡി.പ്രജീഷ്, സബ് ഇൻസ്‌പെക്ടർ അനീഷ് എബ്രഹാം, സിവിൽ പൊലീസ് ഓഫീസർമാരായ എസ്.അൻവർഷ, ആർ.രഞ്ജിത്ത്, വനിതാപൊലീസ് ഉദ്യോഗസ്ഥ എസ്.അനൂപ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ കോട്ടയം മെഡിക്കൽകോളേജിന് സമീപം ലോഡ്ജിൽ താമസിച്ചു വരികയായിരുന്നു. ഇരുവരേയും ചേദ്യം ചെയ്യലുകൾക്കു ശേഷം അടൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.