കോന്നി: അൻപതുവർഷം സ്വകാര്യ ബസ് ഡ്രൈവറായ അന്തരിച്ച വെട്ടൂർ നെടുമനാൽ ചരിവുകാലായിൽ സി ആർ വിശ്വനാഥൻ ( 72 ) ന് നാട് വിട നൽകി . ജാസ്മിൻ ബസിന്റെ ഡ്രൈവറായ വിശ്വനാഥൻ നാട്ടുകാരുടെ മാത്രമല്ല ബസ് റൂട്ടിലെ യാത്രക്കാരുടെയും സുഹൃത്തായിരുന്നു.ഡ്രൈവിംഗ് മര്യാദകളുടെ ആചാര്യനെന്നാണ് വിശ്വനാഥനെ വിശേഷിപ്പിക്കുന്നത്. അര നൂറ്റാണ്ടിനടുത്ത് ഒരേ സ്വകാര്യ ബസിലെ ഡ്രൈവിംഗ് ജീവിതത്തിൽ ഒരിക്കലും അപകടം വരുത്താത്ത ജില്ലയിലെ ഏക ഡ്രൈവറായ വിശ്വനാഥനെ മോട്ടോർ വാഹന വകുപ്പ് ആദരിച്ചിരുന്നു. ഒരുകാലത്ത് 15 ബസുകളുണ്ടായിരുന്ന പത്തനംതിട്ടയിലെ ജാസ്മിൻ ബസ് കമ്പനി, വിശ്വനാഥനും കണ്ടക്ടർ ജെ.നുറുദീനും വേണ്ടി ഒരു ബസ് മാത്രം അവസാനം വരെയും നിലനിറുത്തിയിരുന്നു . ബസ് വ്യവസായത്തിൽനിന്ന് പിന്മാറണമെന്ന് ഉടമ മീരാസാഹിബ് തീരുമാനിച്ചെങ്കിലും അരനൂറ്റാണ്ടായി തനിക്കൊപ്പമുള്ള ഇവരെ കൈവിടാൻഅദ്ദേഹം തയ്യാറായില്ല. പതിനാറാം വയസിൽ സ്വകാര്യ ബസിലെ ക്ലീനറായാണ് വിശ്വനാഥൻ ജോലി ആരംഭിച്ചത്.ഡ്രൈവിംഗ് ലൈസൻസ് എടുത്തതോടെ 1972-ൽ തുടങ്ങിയതാണ് ഇരുവരും ചേർന്നുള്ള ഒരേ ബസിലെ കൂട്ടുകെട്ട്. റാന്നി-അടൂർ റൂട്ടിൽ തുടങ്ങിയ സർവീസ് പിന്നീട് കറ്റാനത്തേക്ക് നീട്ടി. റാന്നിയിൽനിന്ന് പത്തനംതിട്ടയെത്തി ചന്ദനപ്പള്ളി, ഏഴംകുളം വഴിയുള്ള റൂട്ടിലെ ജാസ്മിനിലായിരുന്നു വിശ്വനാഥന്റെ ആദ്യ സർവീസ് . പിന്നീടാണ് പത്തനംതിട്ട-അടൂർ റൂട്ടിലോടുന്ന ജാസ് മിനിലേക്ക് മാറിയത്. വർഷം 30 ദിവസത്തിനപ്പുറം ജാസ്മിനിൽനിന്ന് വിശ്വനാഥൻ മാറിനിന്നിട്ടില്ല എന്നതും പ്രത്യേകതയായിരുന്നു. യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന ബ്രേക്ക് ചവിട്ടില്ല, മത്സരയോട്ടമില്ല തുടങ്ങി ഡ്രൈവിങ് മര്യാദകളുടെ ആചാര്യനായിരുന്നു അദ്ദേഹം. ഒരു വർഷം മുമ്പ് അർബുദ രോഗത്തെ തുടർന്ന് വിശ്വനാഥൻ ചികിത്സയിലായതോടെ ജാസ്മിൻ ബസുടമ ഏക ബസും വിൽക്കുകയായിരുന്നു. സരസ്വതിയാണ് വിശ്വനാഥന്റെ ഭാര്യ. രണ്ടു മക്കളുണ്ട്.