പത്തനംതിട്ട : സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ നിന്ന് താഴെ വെട്ടിപ്രം റൂട്ടിൽ ബസ് സർവീസില്ലാത്ത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. രണ്ട് കിലോമീറ്റർ റിംഗ് റോഡിൽ ബസ് സർവീസ് നടത്താത്തതാണ് പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കുന്നത്. നഗരസഭയിലെ ഒന്ന് , രണ്ട്, മൂന്ന് , നാല് വാർഡുകളിലൂടെയാണ് ഈ റോഡ് കടന്ന് പോകുന്നത്. ഇരുചക്രവാഹനങ്ങളെ ആശ്രയിച്ചും ഓട്ടോറിക്ഷയിലുമാണ് ഈ വാർഡിലുള്ളവർ സെന്റ് പീറ്രേഴ്സ് ജംഗ്ഷനിലും ടൗണിലും എത്തുന്നത്. പെരിങ്ങമല,അഞ്ചക്കാല, വഞ്ചിപൊയ്ക, വെട്ടിപ്രം പ്രദേശങ്ങളിലുള്ളവരാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നതിലേറെയും. ആളുകളേറെ എത്തുന്ന ഹോമിയോ ആശുപത്രി, പി.എസ്.സി ഓഫീസ്, വിവിധ വാണിജ്യ സ്ഥാപനങ്ങൾ, പള്ളികൾ എന്നിവ ഈ റൂട്ടിലുണ്ട്. അധികൃതർ പാടെ അവഗണിച്ചിരിക്കുകയാണ് ഈ റോഡ്. ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾ കടന്ന് പോകുന്ന നഗരത്തിലെ പ്രധാന റോഡാണിത്. ഈ ഭാഗത്തെ വിദ്യാർത്ഥികളാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. സ്കൂൾ ബസോ, കോളേജ് ബസോ എത്തിയില്ലെങ്കിൽ മറ്റ് വാഹനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. രണ്ട് കിലോ മീറ്റർ ദൂരം ചിലർ നടന്നും ടൗണിലെത്താറുണ്ട്. കൂടുതൽ പേരും കുട്ടികളെ ഓട്ടോറിക്ഷയിലും സ്കൂൾ ബസിലുമാണ് അയക്കുന്നത്.

ഹോമിയോ ആശുപത്രി

നഗരസഭയുടെ ഹോമിയോ ആശുപത്രിയിലേക്ക് പോകുന്നതും ഈ റോഡുവഴിയാണ്. വെട്ടിപ്രം തോന്ന്യാമല റോഡിലാണ് ഈ ആശുപത്രി. പത്തനംതിട്ട നഗരത്തിലുള്ളവരും നാരങ്ങാനം സ്വദേശികളുമടക്കം ഈ ആശുപത്രിയിൽ എത്താറുണ്ട്‌. പത്തനംതിട്ട നഗരത്തിൽ നിന്ന് ഇവിടെയെത്തണമെങ്കിൽ മറ്റ് വാഹനങ്ങളെ ആശ്രയിക്കേണ്ടി വരും.

ജില്ലാ പി.എസ്.സി ഓഫീസ്

ജില്ലാ പി.എസ്.സി ഓഫീസ് പ്രവർത്തിക്കുന്നതും ഈ റോഡിലാണ്. ഓഫീസിലെ ജീവനക്കാരെ കൂടാതെ ഓൺലൈൻ പരീക്ഷാ കേന്ദ്രം കൂടി ഇവിടുണ്ട്. വെരിഫിക്കേഷനും അന്വേഷണങ്ങൾക്കും അടക്കം വിവിധ ആവശ്യങ്ങളുമായി പി.എസ്.സി ഓഫീസിലെത്തുന്നവർക്ക് ബസ് സർവീസില്ലാത്തതിനാൽ ബുദ്ധിമുട്ടേറുന്നുണ്ട്. മറ്റ് ജില്ലകളിൽ നിന്നെത്തുന്നവർ ഓട്ടോറിക്ഷയാണ് ആശ്രയം.

കൂടുതൽ പേരും ഇരുചക്രവാഹനങ്ങളിലാണ് ഇവിടെ യാത്ര ചെയ്യുന്നത്. റിട്ടേൺ ഓട്ടോയിൽ കയറിയാണ് ടൗണിലെത്തുക. അല്ലെങ്കിൽ ഓട്ടോ വിളിയ്ക്കണം. സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലും കളക്ടറേറ്റിലും സമരം നടക്കുമ്പോൾ മാത്രം ഇതുവഴി ബസ് പോകും. പക്ഷെ എങ്ങും നിറുത്തില്ല.

ഗിരീഷ്

(മേലെ വെട്ടിപ്രം സ്വദേശി)​