പത്തനംതിട്ട : പത്തനംതിട്ട നഗരസഭയുടെയും ഇലന്തൂർ ഗ്രാമപഞ്ചായത്തിന്റെയും അതിർത്തി പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ഭീതിയിൽ കഴിയുന്ന ഗ്രാമങ്ങൾ പ്രതിരോധത്തിനായി ഒത്തുചേർന്നു. അഞ്ചു മലകളിലായുള്ള ആയിരക്കണക്കിന് ആളുകളാണ് ആശങ്കയിൽ ഇവിടെ കഴിയുന്നത്. 2018ലെ പ്രളയകാലത്തിനുശേഷം 2021ലും 23ലും ഇവിടെ രണ്ടിടത്ത് ഉരുളുപൊട്ടിയിരുന്നു. 45 കുടുംബങ്ങളെ പ്രതികൂലമായി ബാധിച്ചു. അന്ന് മഴവെള്ളപ്പാച്ചിലിനെ തുടർന്ന് തകർന്ന റോഡുകളും തോടുകളും ഇന്നും പുനർനിർമ്മിച്ചിട്ടില്ല. വയനാടിന്റെ ദുരന്തപശ്ചാത്തലത്തിൽ ഇലന്തൂർ ഗ്രാമപഞ്ചായത്ത് വിഷയത്തിൽ ഇടപെടുകയും ജനങ്ങളുടെ ആശങ്ക പരിഹരിക്കാനും ശാസ്ത്രീയ മുന്നൊരുക്കങ്ങൾ നടത്തുന്നതിനുമായി ദുരന്തനിവാരണ പൊതുസഭ വിളിച്ചുചേർത്തു. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത പൊതുസഭ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാത്യു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി.മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗം സജി തെക്കുംകര വിഷയാവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദേവി, അംഗം ആതിരാജയൻ, പത്തനംതിട്ട നഗരസഭാ വാർഡ് കൗൺസിലർ പി.കെ.അനീഷ്, വില്ലേജ് ഓഫീസർ അജയകുമാർ, എം.പിയുടെ പ്രതിനിധി ജെറി സാം മാത്യു, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ , മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി.സത്യൻ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറി മഞ്ചു നന്ദി പറഞ്ഞു.
ജനങ്ങളുടെ ആശങ്കകൾ
1. മലമുകളിലെ കൂറ്റൻ പാറകൾ
2. മലയുടെ അടിവാരത്തെ മണ്ണെടുപ്പ്
3. ജിയോളജി വകുപ്പിന്റെ അലംഭാവം
4. തോടുകളുടെ കൈയേറ്രം.
5. നല്ല റോഡുകളുടെ ആഭാവം.
6. ശാസ്ത്രീയ പഠനം നടത്താത്തത്.
ഉദ്യോഗസ്ഥർ എത്തിയില്ല
പൊതുസഭയിൽ വില്ലേജ് ഓഫീസർ ഒഴികെ വിവിധ വകുപ്പ് മേധാവികൾ എത്താതിരുന്നത് എം.പിയുടെ പ്രതിനിധി ചോദ്യം ചെയ്തു. അടുത്ത ഗ്രാമസഭയിൽ ഇവരെ വിളിച്ചു വരുത്തുമെന്നും വിശദീകരണം തേടുമെന്നും പഞ്ചായത്ത് ഭരണസമിതി പറഞ്ഞു.
ജനങ്ങളുടെ ആശങ്കകൾ ജില്ലാ ഭരണകൂടത്തേയും ഭരണനേതൃത്വങ്ങളേയും അറിയിക്കും. ശാസ്ത്രീയ പരിഹാരം കണ്ടെത്തും.
ഉരുൾപൊട്ടൽ ഭീഷണിയിൽ 5 മലകൾ
736 കുടുംബങ്ങൾ
1.കുട്ടതട്ടി,
2. മധുമല
3.വെള്ളാകുളഞ്ഞി പട്ടംതറ,
4. ഉപ്പുകണ്ടം,
5. മുട്ടൻകുഴി
2021ൽ തുടർച്ചയായ മഴയിൽ ഇളമലചരുവിൽ ഉരുൾപൊട്ടി 4 ഏക്കർ ഭൂമി ഒലിച്ചു പോയി. 28 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. 17 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു
2023ൽ ഉപ്പുകണ്ടം ഭാഗത്ത് വീണ്ടും ഉരുൾപൊട്ടി. അരകിലോമീറ്റർ ഒലിച്ചുപോയി. 6 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. അന്ന് രൂപപ്പെട്ട അഗാധ ഗർത്തം ഇന്നും നികത്തിയിട്ടില്ല.