പത്തനംതിട്ട : പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സി അനുവദിച്ചു നൽകിയ സ്ഥലത്ത് ആരോഗ്യവകുപ്പും ആരോഗ്യ കേരളവും ചേർന്ന് നിർമ്മിച്ച മുലയൂട്ടൽ മുറി തുറന്നുനൽകി. മുലയൂട്ടൽ വാരാചരണ ദിനത്തിൽ പോലും നഗരത്തിലെ മുലയൂട്ടൽ
കേന്ദ്രങ്ങൾ തുറക്കാത്തത് ചൂണ്ടിക്കാട്ടി "ഇടം വേണം, മുലയൂട്ടാൻ" എന്ന തലക്കെട്ടിൽ ഇന്നലെ കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് ആരോഗ്യമന്ത്രി ഇടപെട്ട് കേന്ദ്രം തുറന്നുനൽകിയത്. മുലയൂട്ടൽ കോർണറിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാജോർജ് നിർവഹിച്ചു.
പത്തനംതിട്ട നഗരസഭാ ബസ് സ്റ്റാൻഡിലെ പ്രഥമ ശുശ്രൂഷ കേന്ദ്രത്തിൽ മുലയൂട്ടൽ കേന്ദ്രം മുമ്പുണ്ടായിരുന്നു. കൊവിഡ് കാലത്ത് കേന്ദ്രം നിറുത്തലാക്കിയതോടെ അമ്മയും കുഞ്ഞും മുറി അടഞ്ഞു.
പൊതുഇടങ്ങൾ ശിശു - സ്ത്രീ സൗഹൃദമാക്കും
എല്ലാ പൊതുഇടങ്ങളും ശിശു സൗഹൃദവും സ്ത്രീസൗഹൃദവുമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. പൊതു ഇടങ്ങൾ മാതൃ ശിശു സൗഹൃദപരമാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ സർക്കാരിന്റെയും പൊതു പങ്കാളിത്തത്തോടെയും കൂടുതൽ കേന്ദ്രങ്ങളിൽ ബ്രസ്റ്റ് ഫീഡിങ് മുറികൾ സ്ഥാപിക്കും.
വീണാജോർജ്, ആരോഗ്യമന്ത്രി