ചെങ്ങന്നൂർ: നഗരസഭാ പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാകുന്നു. ഹോട്ടലുകളിൽ നിന്നും പുറംതള്ളുന്ന ഭക്ഷണ അവശിഷ്ടങ്ങളും, മത്സ്യമാംസ കച്ചവടക്കാർ തള്ളുന്ന അവശിഷ്ടങ്ങളും വർദ്ധിച്ചതോടെയാണ് തെരുവ് നായ്ക്കൾ വർദ്ധിക്കാൻ പ്രധാന കാരണം.
ഇത് ലഭിക്കാതെ വരുമ്പോൾ ജനങ്ങളെ ഉപദ്രവിക്കുന്ന സ്ഥിതിയാണ്. നഗരത്തിലെ ഇടറോഡുകളിലും ആളൊഴിഞ്ഞ പുരയിടങ്ങളിലും അടഞ്ഞുകിടക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിലും തെരുവുനായ്ക്കൾ തമ്പടിക്കുന്ന സ്ഥിതിയാണ്.
. മാലിന്യങ്ങളിൽ നിന്നും ഭക്ഷണം കണ്ടെത്തിയാണ് ഇവയുടെ വിഹാരം. ഇരുചക്രവാഹന യാത്രികരാണ് ഏറെയും അപകടത്തിൽപ്പെടുന്നത്. നായ്ക്കൾ കൂട്ടമായി അക്രമിക്കുന്ന സാഹചര്യമാണ് പ്രദേശത്ത്. തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കാനുള്ള എ.ബി.സി പദ്ധതിക്ക് നഗരസഭയിൽ തുടക്കമിട്ടിട്ടും ഫലമുണ്ടായില്ല. നഗരത്തിലെ തെരുവുനായ്ക്കളെ കൊണ്ടുപോയി വന്ധ്യംകരണം നടത്തിപിടിക്കുന്ന അതേ സ്ഥലത്തു തന്നെ തിരികെ വിടുന്ന പദ്ധതിയാണിത്. ഈ പദ്ധതി നടപ്പിലാക്കി മാസങ്ങൾ കഴിഞ്ഞിട്ടും തെരുവ് നായ്ക്കൾ വർദ്ധിക്കുന്നതല്ലാതെ ഒരു കുറവുമില്ല. കഴിഞ്ഞ ദിവസം ഐ.ടി.ഐ കവലയ്ക്ക് സമീപം തെരുവ് നായയുടെ ആക്രമണത്തിൽ ഇരുചക്രവാഹന യാത്രികന് പരിക്കേറ്റിരുന്നു.
പത്രവിതരണക്കാരും ഭീതിയിൽ
കൂടാതെ പത്രക്കെട്ടുകളും കടിച്ചുകീറി നശിപ്പിക്കുന്നുണ്ട്. വെളുപ്പിനെ പത്രവിതരണത്തിന് ഇറങ്ങുന്നവരാണ് ഏറ്റവും ബുദ്ധിമുട്ടുന്നത്. ചെങ്ങന്നൂർ കെ.എസ്ആർ.ടി.സി ബസ് സ്റ്റാൻഡ് അടക്കം നായ്ക്കൾ ഏറെയുണ്ട്. ആളൊഴിഞ്ഞ സ്റ്റാൻഡിലെ ബസുകൾക്കടിയിലാണ് നായ്ക്കളുടെ താവളം. രാവിലെ സ്റ്റാൻഡിൽ ഇറക്കുന്ന പത്രക്കെട്ടുകൾ നായ്ക്കൾ കടിച്ചു കീറുന്നതായി പരാതിയുണ്ട്. ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനും പരിസരവും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്. സർക്കാർഓഫീസുകളിലും, മിനി സിവിൽസ്റ്റേഷൻ പരിസരത്തും താലൂക്ക് ഓഫീസിന്റെ പരിസര പ്രദേശങ്ങളിലും തെരുവ് നായയെ കൊണ്ട് ജനം പൊറുതിമുട്ടി.
......................
രാവിലെ പത്രക്കെട്ട് കൊണ്ടുപോകുമ്പോൾ വലിയ ബുദ്ധിമുട്ടാണ്, ചിലപ്പോൾ നായ്ക്കൾ പുറകെ വരും , ചെറിയ അപകടങ്ങൾ ഉണ്ടാകാറുണ്ട് , ഇതിന് നഗരസഭമുൻകൈയെടുത്ത് അടിയന്തരമായി പരിഹാരം കാണണം.
സുകുമാരൻ
(പത്ര ഏജന്റ്)