daily
വഞ്ചിക പോയ്ക രൂപരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി നഗരസഭ ചെയർമാൻ അഡ്വ.ടി സക്കീർ ഹുസൈന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി പ്രാഥമിക പരിശോധന നടത്തുന്നു

പത്തനംതിട്ട : വഞ്ചിപ്പൊയ്ക വെള്ളച്ചാട്ടവും പ്രദേശവും വിനോദസഞ്ചാര മേഖലയാക്കി വികസിപ്പിക്കുന്നതിന് അമൃത് 2.0 ൽ ഉൾപ്പെടുത്തി പത്തനംതിട്ട നഗരസഭ പദ്ധതി തയ്യാറാക്കുന്നു. 500 മീറ്ററോളം ഉയരമുള്ള വെള്ളച്ചാട്ടമാണിത്. നഗരസഭയുടെ മൂന്നാം വാർഡിലുള്ള ഇവിടെ മികച്ച സൗകര്യങ്ങളൊരുക്കി കൂടുതൽ പേരെ ആകർഷിക്കാനാണ് നീക്കം. നഗരസഭയുടെ പ്രധാന വിനോദ കേന്ദ്രമാക്കി വഞ്ചികപ്പൊയ്ക പാറയെ മാറ്റും. ആദ്യഘട്ടത്തിൽ കാട് തെളിക്കുന്ന ജോലികൾ പുരോഗമിച്ചുവരികയാണ്. രൂപരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി നഗരസഭ ചെയർമാൻ അഡ്വ.ടി സക്കീർ ഹുസൈൻ, നഗരസഭ എൻജിനീയറിങ് വിഭാഗം മേധാവി സുധീർരാജ്, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ, വാർഡ് കൗൺസിലർ അനില അനിൽ, സാഹസിക വിനോദ മേഖലയുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സർക്കാരിന്റെ പരിഗണന പട്ടികയിൽപ്പെട്ട കെ.ആർ.നിഖിൽ, പ്രവീൺ എം. നായർ, സുരേഷ് വി എന്നിവർ പ്രാഥമിക പരിശോധന നടത്തി. ചെലവ് കുറഞ്ഞ രീതിയിൽ വർഷം മുഴുവനും വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കുന്ന തരത്തിൽ വികസന പ്രവർത്തനങ്ങൾ നടത്താൻ കഴിയും എന്നാണ് വിലയിരുത്തൽ. ഭൂസർവേ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ നഗരസഭ ആരംഭിച്ചു കഴിഞ്ഞു. സർക്കാർ അംഗീകാരം ലഭിച്ചാലുടൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് തീരുമാനം.