s

തിരുവല്ല : കഥകളിപ്രിയനായ ശ്രീവല്ലഭസ്വാമിക്ക് മുന്നിൽ രാമായണമാസാചരണത്തിന് സമാപനംകുറിച്ച് ശ്രീരാമപട്ടാഭിഷേകം കഥകളി അരങ്ങേറും. ശ്രീരാമപട്ടാഭിഷേക ദർശനം ഭക്തസഹസ്രങ്ങൾക്ക് സുകൃതമേകുന്ന നിമിഷമാണ്. 16ന് വൈകിട്ട് ഏഴുമുതൽ ട്രിപ്പിൾ മേളപ്പദത്തോടുകൂടിയാകും അവതരണം. പ്രമുഖ കഥകളി കലാകാരൻമാർ പങ്കെടുക്കും. പുറപ്പാടിനുശേഷം നളചരിതം നാലാംദിവസം കഥ അവതരിപ്പിക്കും. ചിങ്ങം പിറക്കുന്നതോടെ ശ്രീരാമപട്ടാഭിഷേകത്തിന് ഭക്തർ സാക്ഷികളാകും. രാത്രി 9.30ന് കഥകളി ആരംഭിക്കും. 17ന് പുലർച്ചെ 5.30ന് ശ്രീരാമപട്ടാഭിഷേക ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്രത്തിന് പുറത്തുള്ള സ്വീകരണ പന്തലിൽനിന്ന് ശ്രീരാമാദികളെ ആലവട്ടവും വെഞ്ചാമരവും വെടിക്കെട്ടും ഉൾപ്പെടെയുള്ള ആർഭാടങ്ങളോടെ എല്ലാ ആചാരാനുഷ്ഠാനങ്ങളോടെയും കുടി കിരീടധാരണത്തിനായി കഥകളി മണ്ഡപത്തിലെത്തിക്കും. പുലർച്ചെ പട്ടാഭിഷേക ചടങ്ങുകൾ അവസാനിക്കുന്നതോടൊപ്പം സന്തോഷസൂചകമായി ഹനുമാൻ ഭക്തർക്ക് അവിൽ പ്രസാദംവിതരണംചെയ്യും. ശ്രീവല്ലഭവിലാസം കഥകളിയോഗമാണ് അണിയറയ്ക്ക് പിന്നിൽ.

കഥാസാരം


14 കൊല്ലത്തെ വനവാസത്തിനും കുംഭകർണ, രാവണ നിഗ്രഹത്തിനും ശേഷം ലങ്കയിൽ അശോകവനിയിൽ തടവുകാരെപ്പോലെ കഴിഞ്ഞിരുന്ന സീതാദേവിയെ രാമൻ വീണ്ടെടുത്തു. അഗ്‌നി പരീക്ഷയിലൂടെ സംശുദ്ധി തെളിയിച്ച് സീതയുമൊത്ത് അയോദ്ധ്യയിലേക്ക് മടങ്ങാൻ വാനരപ്രമുഖരോടും വിഭീഷണനോടുംകൂടി പുഷ്പകവിമാനത്തിൽ കയറാൻ തുടങ്ങുമ്പോൾ രാമഭക്തനായ സമരയുടെ ആഗ്രഹമായ പുനർജന്മത്തിൽ ഭഗവാന്റെ സഹോദരിപദം ലഭിക്കണമെന്ന പ്രാർത്ഥന സീതാദേവി ശ്രീരാമനെ അറിയിച്ചു. ഭഗവാൻ അത് കൈക്കൊള്ളുകയും, ശ്രീകൃഷ്ണാവതാര സമയത്ത് സുഭഗദദ്ര യായി ജനിക്കട്ടെയെന്ന് അനുഗ്രഹിക്കുകയും ചെയ്തു.. അയോദ്ധ്യയിലേക്കുള്ള യാത്രാമദ്ധ്യേ വിശ്രമാർത്ഥം ഭരധ്വജാശ്രമത്തിൽ എത്തുന്നു. ശ്രീരാമ സഹോദരനായ ഭരതനെ വിവരം മുൻകൂട്ടി അറിയിക്കാനായി ഹനുമാനെ അയോദ്ധ്യയിലേക്ക് അയയ്ക്കുന്നു. മാർഗമദ്ധ്യേ ഗംഗാനദിക്കരയിലെത്തിയ ഹനുമാനെ രാമഭക്തനായ ഗുഹൻ കടത്തുവള്ളത്തിൽ അക്കരകടത്തി. വനവാസ കാലാവധിയായ 14വർഷം കഴിഞ്ഞിട്ടും ജ്യേഷ്ഠൻ മടങ്ങിയെത്താത്തതിൽ ദുഃഖിതനായ ഭരതൻ അഗ്‌നിയിലേക്ക് ചാടാനൊരുങ്ങവേ രാമന്റെ ആഗമനവാർത്ത വിളിച്ചറിയിച്ചുകൊണ്ട് ഹനുമാൻ അവിടെ ഓടിയെത്തി വിവരങ്ങൾ ഭരതനെ അറിയിക്കുന്നു. ശ്രീരാമാദികളുടെ വരവിനെ സ്വീകരിക്കുന്നതിനായി അയോദ്ധ്യാനഗരി അണിഞ്ഞൊരുങ്ങുകയും അടുത്തദിവസം അയോദ്ധ്യയിലെത്തിയ ശ്രീരാമചന്ദ്രനെ രാജാവായി മംഗള മുഹൂർത്തത്തിൽ അഭിഷേകം ചെയ്യുകയും ചെയ്തു. ഏറ്റവും ഇഷ്ടപ്പെട്ട ഭക്തന് നൽകുന്നതിനായി ശ്രീരാമൻ സീതാദേവിയെ ഏൽപ്പിച്ച ദിവ്യഹാരം ഹനുമാന് നൽകി അനുഗ്രഹിക്കുകയും ചെയ്തു.