thumpamon-scb

പന്തളം : തുമ്പമൺ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സംഘർഷമുണ്ടായതോടെ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ മൂന്ന് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. സി.പി.എം വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ പൊലീസുമായി ഉണ്ടായ തർക്കമാണ് ലാത്തിച്ചാർജിൽ കലാശിച്ചത്. ഇന്നലെ രാവിലെ 9ന് ആയിരുന്നു പ്രശ്നങ്ങളുടെ തുടക്കം. ലാത്തിചാർജിനിടെ തുമ്പമൺ പള്ളിമുറ്റത്തേക്ക് ഓടിക്കയറിയ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എം.ജെ.രഞ്ചുവിനെ പൊലീസ് മർദിച്ചതായി കോൺഗ്രസുകാർ ആരോപിച്ചു. കോൺഗ്രസ് പന്തളം ബ്ലോക്ക് പ്രസിഡന്റ് സഖറിയാ വർഗീസിനെ പൊലീസ് നിലത്തിട്ട് ചവിട്ടി. കോൺഗ്രസ് പ്രവർത്തകനായ ജോഷ്വാ എൻ വർഗീസിന് ലാത്തിഅടിയിൽ തലയ്ക്കും പരിക്കേറ്റു. ഇവരെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലാത്തിചാർജിനിടെ ഇലവുംതിട്ട പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ശ്രീരാജിനും പരിക്കേറ്റു. സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള സഹകരണ മുന്നണിയും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നണിയുമായിരുന്നു മത്സരരംഗത്ത്.

രാവിലെ 8ന് പോളിംഗ് തുടങ്ങി, ഒൻപത് മണിയോടെ കള്ളവോട്ട് നടക്കുന്നതായി കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. ഇത് സി.പി.എം പ്രവർത്തകരുമായുള്ള വാക്കേറ്റത്തിന് കാരണമായി. ഇത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എസ്.സന്ദീപ്, പ്രസിഡന്റ് ശ്രീഹരി എന്നിവരെ കോൺഗ്രസ് പ്രവർത്തകർ മർദിച്ചതായി സി.പി.എം ആരോപിച്ചു. എന്നാൽ വ്യാപകമായി ഡി.വൈ.എഫ്.ഐ പ്രവർത്തകരെത്തി കള്ളവോട്ട് ചെയ്യുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ 9.30 മുതൽ 11.30 വരെ പല തവണ പൊലീസുമായി വാക്കേറ്റമുണ്ടാക്കി. വോട്ടെടുപ്പ് നടന്ന തുമ്പമൺ എം.ജി യു.പി സ്‌കൂളിലേക്ക് കടക്കാനും ചിലർ ശ്രമിച്ചു. 11.45 ന് യൂത്ത് കോൺഗ്രസ് നേതാവ് എം.ജെ രഞ്ചു വോട്ട് ചെയ്തിറങ്ങിയ ഒരു വോട്ടറുമായി വാക്കേറ്റം ഉണ്ടായി. തുടർന്ന് പൊലീസ് കോൺഗ്രസ് പ്രവർത്തകരെ അടിച്ചോടിച്ചു. സംഭവമറിഞ്ഞ് എത്തിയ ഡി.സി.സി വൈസ് പ്രസിഡന്റ് എം.ജി.കണ്ണന്റെ വാഹനത്തിന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ മുട്ടയെറിഞ്ഞു. പൊലീസ് മനപൂർവം സംഘർഷം സൃഷ്ടിക്കുകയായിരുന്നു എന്ന് കോൺഗ്രസ് ആരോപിച്ചു.

കോൺഗ്രസ്‌ ബഹിഷ്കരിച്ചു

തിരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേട് നടന്നതിനാൽ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചതായി കോൺഗ്രസ്‌ നേതൃത്വം അറിയിച്ചു. കോൺഗ്രസ് പ്രവർത്തകർ പലതവണ പന്തളം - പത്തനംതിട്ട റോഡ് ഉപരോധിച്ചു. പന്തളം, അടൂർ, കൊടുമൺ, ഇലവുംതിട്ട സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.