പത്തനംതിട്ട: ട്രാൻസ്‌ഫോർമറിന് സമീപമുള്ള വൈദ്യുതി കേബിളിന് തീപിടിച്ചു, അഗ്നിരക്ഷാ സേനയുടെ സമയോജിത ഇടപെടലിനെ തുടർന്ന് വൻ അപകടം ഒഴിവായി. വെള്ളിയാഴ്ച രാത്രി 11 ന് കൊടുന്തറ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപമാണ് സംഭവം. തീ പടർന്നു പിടിക്കുന്നതു കണ്ട പ്രദേശവാസികൾ വിവരം പത്തനംതിട്ട അഗ്നി രക്ഷാ സേനയെ അറിയിച്ചു. ഉടൻ തന്നെ അസി. സ്റ്റേഷൻ ഓഫീസർ എ.സാബുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ച് ഈ ഭാഗത്തെ വൈദ്യുതി ബന്ധം വിശ്ചേദിച്ചു. തുടർന്ന് ഫയർ എസ്റ്റിംഗുഷറും വെള്ളവും ഉപയോഗിച്ച് തീ അണയ്ക്കുകയായിരുന്നു. കേബിളിൽ നിന്നും തീ ട്രാൻസ്‌ഫോർമറിന് സമീപള്ള കാടുകളിലേക്കും പടർന്നിരുന്നു. സീനിയർ ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ എസ്.രഞ്ജിത്ത്, ഫയർ റസ്‌ക്യു ഓഫീസർമാരായ അഭിലാഷ്, രഞ്ജിത്, രമാകാന്ത്, ഡേവിഡ്,വിനയചന്ദ്രൻ എന്നിവരാണ് അഗ്നിരക്ഷാ സംഘത്തിലുണ്ടായിരുന്നത്.