കോഴഞ്ചേരി : എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയനിലെ 29 ശാഖകളിൽ നിന്ന് ഉന്നതവിജയം നേടിയ കുട്ടികൾക്ക് യൂണിയൻ ഏർപ്പെടുത്തിയ ക്യാഷ് അവാർഡും മൊമന്റോയും വിവിധ ട്രസ്റ്റുകൾ ഏർപ്പെടുത്തിയ അവാർഡുകളും വിതരണം ചെയ്തു. സമ്മേളനം യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ്.വിജയൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു അദ്ധ്യക്ഷത വഹിച്ചു. അണ്ടർ 21 കോർഫ് ബാൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീം ക്യാപ്ടനായി തിരഞ്ഞെടുക്കപ്പെട്ട ആർച്ച ആനന്ദിനേയും, ഓർമ്മ ശക്തിയിൽ കലാംസ് ലോക റെക്കാഡിൽ ഇടം നേടിയ രണ്ടരവയസുകാരൻ ആദവ് സുനിലിനേയും ഏറ്റവും നല്ല സെക്രട്ടറിക്കുള്ള അവാർഡിനായി തുക സംഭാവന നൽകുന്ന നാരങ്ങാനം 91 ാം ശാഖാഅംഗം വി.ആർ.ത്രിവിക്രമനേയും ആദരിച്ചു.
വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവർക്ക് യൂണിയൻ ഏർപ്പെടുത്തിയ അവാർഡുകൾക്ക് പുറമേ വനിതാസംഘം മുൻ യൂണിയൻ പ്രസിഡന്റും കേന്ദ്ര കമ്മിറ്റി ട്രഷററുമായിരുന്ന പരേതയായ ലോലമ്മ ടീച്ചറിന്റെ പേരിലുള്ള പി.വി.ലോലമ്മ മെമ്മോറിയൽ വിങ്ങ്സ് ചാരിറ്റബിൾ ട്രസ്റ്റും യൂണിയൻ കമ്മിറ്റിയംഗവും എസ്.എൻ ട്രസ്റ്റ് ഡയറക്ടർബോർഡ് മെമ്പറുമായ അയിരൂർ പുത്തേഴം ഈട്ടിക്കൽ ശ്രീഭവനിൽ എസ്.ശ്രീകുമാറിന്റെ മാതാപിതാക്കളായ പരേതരായ ഇ.എൻ.ശ്രീധരൻ, എം.കെ.പങ്കജാക്ഷിയമ്മ എന്നിവരുടെ പേരിൽ എല്ലാ വിഭാഗത്തിൽ നിന്നും ഈ അദ്ധ്യയന വർഷം ഡോക്ടർ പരീക്ഷ പാസായവർക്കുള്ള ക്യാഷ് അവാർഡും ഫലകവും, ഡിഗ്രിക്കും പി.ജിക്കും റാങ്ക് നേടുന്ന കുട്ടികൾക്ക് കടപ്ര ഷാജി ഭവൻ വീട്ടിൽ ഡോ.അനിൽ വി.ഷാജി മോഹൻ മാതാപിതാക്കളായ പ്രൊഫ:കെ.എൻ. വാസുവിന്റെയും ഭാര്യ ചെല്ലമ്മ ടീച്ചറിന്റെയും പേരിൽ ഏർപ്പെടുത്തിയ ക്യാഷ് അവാർഡും മെമന്റോയും വിതരണം ചെയ്തു. മികവ് പുലർത്തിയ ശാഖാസെക്രട്ടറിക്കുള്ള ക്യാഷ് അവാർഡും മെമന്റോയും
പുല്ലാട് 3654ാം ശാഖാ സെക്രട്ടറി സി.ആർ.പ്രസാദിന് ലഭിച്ചു. ഉന്നത വിജയം നേടിയ എല്ലാ വിഭാഗം കുട്ടികൾക്കും യൂണിയൻ നേതൃത്വത്തിൽ ക്യാഷ് അവാർഡുകളും മൊമന്റോകളും നൽകി. സമ്മേളനത്തിന് ആശംസകളർപ്പിച്ച് യൂണിയൻ കൗൺസിലർമാരായ പ്രേം കുമാർ മുളമൂട്ടിൽ, രാജൻ കുഴിക്കാല, സുഗതൻ പൂവത്തൂർ, സിനു എസ്.പണിക്കർ, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് വിനീത അനിൽ, സെക്രട്ടറി ബാംബി രവിന്ദ്രൻ, യൂത്ത്മൂവ്‌മെന്റ് ജില്ലാ ജോയിന്റ് സെക്രട്ടറി സോജൻ സോമൻ, വൈദിക യോഗം ചെയർമാൻ ശാന്തി പ്രേം ഗോപിനാഥ്, കൺവീനർ സദാനന്ദൻ ശാന്തി എന്നിവർ സംസാരിച്ചു. യൂണിയൻ കൗൺസിലർ അഡ്വ:സോണി ജെ ഭാസ്‌കർ സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടൻ കൃതജ്ഞതയും പറഞ്ഞു.