കോന്നി: മലയോര ഗ്രാമങ്ങളിലെ യാത്രാദുരിതത്തിന് പരിഹാരം വേണമെന്ന് താലൂക്ക് തല ഗതാഗത ഗതാഗത സദസിൽ നിർദ്ദേശം. കോന്നി താലൂക്കിലെ ബസ് സർവീസ് കാര്യക്ഷമമാക്കുക, ഗതാഗത പ്രശ്നത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ഗതാഗത വകുപ്പ് പത്തനംതിട്ട പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ സംഘടിപ്പിച്ച ജനകീയ സദസിലാണ് നിർദ്ദേശങ്ങൾ വന്നത്. മലയോര മേഖലയിലെ പല പ്രദേശങ്ങളിലും ഞായറാഴ്ചകളിൽ ബസ് സർവീസുകൾ നടത്തുന്നില്ല എന്ന പരാതിയും ബസ് സർവീസുകൾക്ക് സമാന്തരമായി ഓട്ടോറിക്ഷകൾ സർവീസ് നടത്തുന്നു എന്ന പരാതിയും യോഗത്തിൽ ഉണ്ടായി. താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് കോന്നി മെഡിക്കൽ കോളേജിലേക്ക് ബസ് സർവീസ് തുടങ്ങണമെന്ന് ആവശ്യവും ഉയർന്നു. ബസ് സർവീസ് കുറവുള്ള പ്രദേശങ്ങളിൽ വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും ആവശ്യാർത്ഥം രാവിലെയും വൈകിട്ടും സർവീസുകൾ ആരംഭിക്കണമെന്ന് നിർദ്ദേശമാണ് കൂടുതലായി വന്നത്. കെ.യു ജനിഷ് കുമാർ എം.എൽ.എ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട ആർ.ടി.ഒ എച്ച് അൻസാരി, എം .വി അമ്പിളി, ഡി.ദീപു, ഏനാദിമംഗലം, കലഞ്ഞൂർ, വള്ളിക്കോട്, പ്രമാടം, കോന്നി അരുവാപുലം, തണ്ണിത്തോട്, ചിറ്റാർ, സീതത്തോട്, മൈലപ്ര, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, ബസ് ഉടമകൾ, ബസ് ജീവനക്കാർ, ബസ് ജീവനക്കാരുടെ സംഘടന പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. യോഗത്തിലെ നിർദ്ദേശങ്ങൾ ഏകീകരിച്ച് ജില്ലാതല മീറ്റിംഗിനു ശേഷം സെപ്റ്റബർ 15ന് മുൻപായി ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർക്ക് റിപ്പോർട്ട് നൽകുമെന്നും അതുവരെ പൊതുജനങ്ങൾക്ക് നിർദ്ദേശങ്ങൾ സമർപ്പിക്കാമെന്നും കോന്നി ജോയിന്റ് ആർ.ടി.ഒ ഡി.ദീപു പറഞ്ഞു.