b

പത്തനംതിട്ട: കേന്ദ്രസർക്കാർ പച്ചക്കൊടി കാട്ടിയ ചെങ്ങന്നൂർ - പമ്പ റെയിൽപാത മെട്രോ മാതൃകയിൽ നിർമ്മിക്കുമെന്നാണ് സൂചന. വിശദ പദ്ധതി രേഖ (ഡി.പി.ആർ) തയ്യാറാക്കിയ ചെന്നൈ ആസ്ഥാനമായുള്ള ദക്ഷണി റെയിൽവേ പാതയെ സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. മെട്രോ മാതൃകയിൽ നാല് സ്റ്റേഷനുകൾ നിർമ്മിക്കുന്നതിനുള്ള പഠനങ്ങൾ നടന്നിട്ടുണ്ട്. പ്രധാനമായും ശബരിമല തീർത്ഥാടകരെ ലക്ഷ്യം വച്ചാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ശബരിമല മാസ പൂജ സമയങ്ങളിലും നട തുറക്കുന്ന മറ്റ് വിശേഷ ദിവസങ്ങളിലും ട്രെയിൻ ഒാടിക്കണമെന്നാണ് പ്രധാന നിർദേശം. ക്ഷേത്ര നട തുറക്കാത്ത ദിവസങ്ങളിലും ട്രെയിൻ ഒാടിച്ചാൽ മലയോരത്തേക്ക് സ്ഥിരം യാത്രാ സൗകര്യമാകുമെന്ന നിർദേശം ഉയർന്നിട്ടുണ്ട്. ഇൗ ദിവസങ്ങളിൽ വരുമാനക്കുറവ് ഉണ്ടാകുമെന്നതാണ് റെയിൽവേയുടെ വാദം. ക്ഷേത്ര നട തുറക്കാത്ത ദിവസങ്ങളിൽ വടേശരിക്കര വരെ സർവീസ് നടത്തണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.

ചെങ്ങന്നൂർ - പമ്പ ഇരട്ടപ്പാതയാണ് പരിഗണനയിലുള്ളത്. ഇരുവശത്തേക്കും ട‌്രെയിൻ ഒാടിക്കാവുന്ന രീതിയിലാണ് ക്രമീകരണം. പദ്ധതി കേന്ദ്രസർക്കാർ നേരിട്ട് നടപ്പാക്കുമെന്നാണ് അറിയുന്നത്. പദ്ധതി നടപ്പാക്കാൻ താൽപ്പര്യമുണ്ടെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് കഴിഞ്ഞ ദിവസം പാർലമെന്റിൽ അറിയിച്ചിരുന്നു.

75 കിലോമീറ്റർ

6000 കോടി ചെലവ്

സ്റ്റേഷനുകൾ: ചെങ്ങന്നൂർ, ആറന്മുള, വടശേരിക്കര, പമ്പ

# ചെങ്ങന്നൂരിൽ നിന്നാരംഭിച്ച് കല്ലിശേരി, ആറന്മുള, കോഴഞ്ചേരി, ചെറുകോൽപ്പുഴ, റാന്നി, വടശേരിക്കര, മാടമൺ, അത്തിക്കയം, നിലയ്ക്കൽ, അട്ടത്തോട്, ചാലക്കയം വഴി പമ്പയിലെത്തും.

തീർത്ഥാടകർക്ക് പ്രയോജനം

ശബരിമല തീർത്ഥാടന കാലത്ത് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഭക്തരിൽ 70 ശതമാനവും ചെങ്ങന്നൂർ സ്‌റ്റേഷനിലാണ് ഇറങ്ങുന്നത്. ഇവരുടെ തുടർ യാത്രയ്ക്കുള്ള സൗകര്യമെന്ന നിലയിലാണ് പുതിയ റെയിൽപാതയുടെ നിർദേശമുണ്ടായത്.