road
പുതുക്കുളങ്ങര - കോതേകാട്ട് പടി റോഡ് വിണ്ടുകീറിയ നിലയിൽ

തിരുവല്ല : കോൺക്രീറ്റ് ചെയ്ത പുതുക്കുളങ്ങര - കോതേകാട്ട് പടി റോഡ് വിണ്ടുകീറി തകർച്ചയിലായി. പെരിങ്ങര പഞ്ചായത്ത് പത്താം വാർഡിലൂടെ കടന്നുപോകുന്ന വഴിയാണ് സഞ്ചാരയോഗ്യമല്ലാതെ ഭീഷണിയായിരിക്കുന്നത്. കനത്തമഴയിൽ റോഡിന്റെ മദ്ധ്യഭാഗത്തുകൂടി നീളത്തിൽ പൊട്ടലുണ്ടായി യാത്ര ദുരിതമായിരിക്കുകയാണ്. റോഡിന്റെ പകുതിഭാഗത്ത് മെറ്റലിളകി കിടക്കുകയാണ്. ഭാരം കയറ്റിയ വാഹനങ്ങൾ ഉൾപ്പെടെ പോകുന്ന വഴിയാണിത്. തോടിന്റെ കരയിലൂടെയുള്ള വഴി ഇടിഞ്ഞു തോട്ടിൽ വീഴുമോയെന്നും സമീപവാസികൾ ഭയപ്പെടുന്നു. റോഡരുകിൽ നിൽക്കുന്ന കൂറ്റൻ മരത്തിന്റെ വേര് റോഡിന്റെ തകർച്ചയ്ക്ക് കാരണമായെന്നും നാട്ടുകാർ പറഞ്ഞു. സ്വാമിപാലം, പെരിങ്ങോൾ എന്നിവിടങ്ങളിലേക്ക്‌ പോകാവുന്ന വഴി നൂറുകണക്കിന് ആളുകളാണ് ആശ്രയിക്കുന്നത്. റോഡിന്റെ വശങ്ങൾ കാടുകയറിയ നിലയിലാണ്. റോഡിന്റെ തകർച്ച പരിഹരിച്ച് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകി.