പ്രമാടം : ജില്ലയിൽ ടെമ്പിൾ സ്ക്വാഡ് പ്രവർത്തനം നിലച്ചതോടെ ആരാധനാലയങ്ങളിൽ മോഷണം പതിവായി. ക്ഷേത്രങ്ങൾ ഉൾപ്പടെയുള്ള ആരാധനാലയങ്ങളുടെ സംരക്ഷണത്തിനായി ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ രൂപീകരിച്ച ടെമ്പിൾ സ്ക്വാഡിന്റെ പ്രവർത്തനമാണ് നിർജീവമായത്. കഴിഞ്ഞ പത്തുദിവസത്തിനിടെ നാല് പ്രധാന ക്ഷേത്രങ്ങളിലാണ് കവർച്ച നടന്നത്. വഞ്ചി പൊട്ടിക്കൽ ഉൾപ്പടെ ചെറിയ മോഷണങ്ങൾ വേറെയുമുണ്ട്.
സുരക്ഷയില്ലാതെ ആരാധനാലയങ്ങൾ
ശബരിമലയ്ക്ക് സംസ്ഥാന സർക്കാർ നേരിട്ട് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ആറൻമുള പാർത്ഥസാരഥി, പന്തളം വലിയകോയിക്കൽ, മലയാലപ്പുഴ ദേവി, അടൂർ പാർത്ഥസാരഥി, ഓമല്ലൂർ രക്തകണ്ഠസ്വാമി, കൊടുന്തറ സുബ്രഹ്മണ്യസ്വാമി, വള്ളിക്കോട് തൃക്കോവിൽ, തൃപ്പാറ, പത്തനംതിട്ട ധർമ്മശാസ്താ തുടങ്ങിയ മേജർ ക്ഷേത്രങ്ങളിലും പ്രസിദ്ധമായ ക്രൈസ്തവ ,മുസ്ലിം ദേവാലയങ്ങളിലും സംരക്ഷണം ലഭിക്കുന്നില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചുമതലയിലുള്ള മഹാക്ഷേത്രങ്ങൾക്ക് സുരക്ഷ ഒരുക്കണമെന്ന് ചൂണ്ടിക്കാട്ടി ബോർഡ് വർഷങ്ങൾക്ക് മുമ്പ് തന്നെ സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്.
സെക്യൂരിറ്റി ജീവനക്കാർ നിരായുധർ
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ രേഖകൾ പ്രകാരം ആറൻമുള ക്ഷേത്ര സംരക്ഷണത്തിന് നാലും നിധിമുറിക്ക് മുന്നിൽ രണ്ടും കാവൽക്കാരുണ്ട് . മലയാലപ്പുഴയിൽ അഞ്ച് പേരാണ് സേവനത്തിനുള്ളത്. പന്തളത്ത് മൂന്നുപേരുണ്ട്. എന്നാൽ ഇവരുടെ സേവനം പൂർണമായി ലഭിക്കാറില്ലെന്ന് മാത്രമല്ല സുരക്ഷാ ജീവനക്കാർ നിരായുധരുമാണ്. ആറൻമുളയിലാണ് ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ സവിശേഷ ആഭരണങ്ങളും സ്വർണ്ണങ്ങളും സൂക്ഷിച്ചിട്ടുള്ളത്. ബോർഡിന്റെ ഏറ്റവും പ്രധാന നിധിമുറികളിൽ ഒന്ന് ആറൻമുളയിലാണ്.
പത്ത് ദിവസത്തിനടെ കവർച്ച നടന്ന ക്ഷേത്രങ്ങൾ
ആറൻമുള കോട്ട ദേവീക്ഷേത്രം, ആറൻമുള ഗന്ധർവ്വമുറ്റം മഹാദേവക്ഷേത്രം , വള്ളിക്കോട് തൃക്കോവിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രം, മണ്ണടി പഴയകാവ് ദേവീക്ഷേത്രം.
അംഗബലമില്ലാതെ...
ലോക്കൽ പൊലീസിലെ അംഗസംഖ്യാ കുറവും ജോലിഭാരവുമാണ് ടെമ്പിൾ സ്ക്വാഡ് പ്രവർത്തനം നിലയ്ക്കാൻ കാരണം. ഡിവൈ.എസ്.പിമാരുടെ കീഴിലാണ് പ്രവർത്തനം. ലോക്കൽ പൊലീസിലെ വിദഗ്ദ്ധരാണ് സംഘാംഗങ്ങൾ. ക്ഷേത്രങ്ങളുടെയും മറ്റ് ആരാധനാലയങ്ങളുടെയും സുരക്ഷയാണ് പ്രധാനം. മോഷണം, കവർച്ച എന്നിവ തടയൽ, ഇവയുടെ അന്വേഷണം, വിശേഷാൽ ദിവസങ്ങളിലെ സുരക്ഷ തുടങ്ങിയവ ഈ സംഘത്തിനായിരുന്നു.