ഒരു തൈ നടാം നൂറു കിളികൾക്കുവേണ്ടി
ഒരു തൈ നടാം നല്ല നാളേയ്ക്കുവേണ്ടി....
കുഞ്ഞുകുട്ടികൾ പോലും ഏറ്റുചൊല്ലുന്ന ഈ കവിതാഭാഗം എഴുതിയത് ആറൻമുളക്കാരിയായ കവയത്രി സുഗതകുമാരിയായിരുന്നു. പ്രകൃതിയെ മാതാവായി കണ്ട് അമൃത് പോലുള്ള കവിതകൾ നല്ല നാളേക്കായി മലയാളത്തിന് സമ്മാനിച്ചത് മരങ്ങളും പുഴകളും മണ്ണും മനുഷ്യൻ നശിപ്പിക്കുന്നതു കണ്ടുകൊണ്ടാണ്. ഭൂമിക്ക് കുടയാകുന്ന മരങ്ങൾ ജീവജാലങ്ങളുടെ ആവാസകേന്ദ്രം കൂടിയാണ്. ചെറുപ്രാണികൾ മുതൽ കുരുവികളും പക്ഷികളും ചേക്കേറുന്നതാണ് മരങ്ങൾ. വേനൽക്കാലത്തുൾപ്പെടെ മരത്തിന്റെ തണൽ മനുഷ്യന് ആശ്വാസം പകരുന്നതുമാണ്. കാഷ്ഠങ്ങൾ തലയിൽ വീഴുന്നു എന്ന കാരണത്താൽ എത്രയോ മരങ്ങങ്ങളാണ് നാം വെട്ടിമുറിച്ചത്. ഇത്തരത്തിൽ റോഡിന്റെ വശങ്ങളിലും ജംഗ്ഷനുകളിലും നിൽക്കുന്ന മരങ്ങളാണ് വെട്ടിവെളുപ്പിച്ച് വേരോടെ പിഴുതുകളയുന്നത്. പ്രകൃതിയലെ സമ്പത്തായ മരങ്ങൾ മുറിക്കുന്നതോടെ പക്ഷികളുടെ ആവാസകേന്ദ്രങ്ങൾ മാത്രമല്ല തകർത്തെറിയുന്നത്. എലിയെ പേടിച്ച് ഇല്ലം ചുടുന്ന ഏർപ്പാടാണിതെന്ന് പരിസ്ഥിതി പ്രവർത്തകരും പക്ഷി നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു.
നാട്ടിൽ സ്ഥിരവാസികളായ വിവിധ തരത്തിലുള്ള നീർപ്പക്ഷികൾ കൂട്ടമായി കൂടുകൂട്ടുന്നതിനെയാണ് കൊറ്റില്ലം എന്നു പറയുന്നത്. കൊറ്റില്ലങ്ങൾ പത്തനംതിട്ട ജില്ലയിൽ കുറഞ്ഞു വരുന്നതായാണ് പക്ഷിനിരീക്ഷകരുടെ വിലയിരുത്തൽ. അവയുടെ ആവാസ വ്യവസ്ഥയെ മനുഷ്യർ ഇല്ലാതാക്കുന്നതു കൊണ്ടാണ് ഇതു സംഭവിക്കുന്നത്. മരങ്ങൾ ഉണ്ടെങ്കിലല്ലേ പക്ഷികൾക്ക് കൂടൊരുക്കാൻ കഴിയൂ. കൂട്ടമായി കൂടുകൂട്ടാൻ പറ്റുന്ന വൻമരങ്ങൾ ഇപ്പോൾ ആരുടെയും വീട്ടുപറമ്പുകളിൽ ഇല്ലെന്നു തന്നെ പറയാം. അത്തരം മരങ്ങൾ കാണപ്പെടുന്നത് പാതയോരങ്ങളിലും ജംഗ്ഷനുകളിലുമാണ്. റോഡിൽ നിൽക്കുന്ന മനുഷ്യന്റെ തലയിൽ കാഷ്ഠം വീഴുന്നതുകൊണ്ടു മാത്രമാണ് മരങ്ങൾ വെട്ടിക്കളയുന്നത് എന്നു പറയുന്നതിൽ യുക്തിയില്ല. മനുഷ്യൻ മരങ്ങളുടെ ചുവട്ടിൽ സ്ഥിര താമസമല്ല. മരങ്ങൾക്കു കീഴെ പണിഞ്ഞുയർത്തുന്ന കടകളിലും അവിടെ പാർക്ക് ചെയ്യുന്ന വാഹനങ്ങളിലുമാണ് കാഷ്ഠം വീഴുന്നത്. ഇതൊഴിവാക്കാൻ മരങ്ങൾ മുറിച്ചു മാറ്റുന്നത് പക്ഷികളുടെ ആവാസ കേന്ദ്രങ്ങൾ നശിപ്പിച്ച് ഇല്ലാതാക്കും.
പക്ഷികൾ കുറയുന്നു
നീർപക്ഷികൾ കൂട്ടമായി കൂടു കൂട്ടുന്ന കൊറ്റില്ലങ്ങളുടെ കണക്കെടുപ്പ് പത്തനംതിട്ട ജില്ലയിൽ അടുത്തിടെ പൂർത്തീകരിച്ചു. പലയിടങ്ങളിലും മുൻപുണ്ടായിരുന്നതിന്റെ പകുതിയോളം പക്ഷികളും കൂടുകളുമാണ് പഠന സംഘത്തിന് മനസിലാക്കാനായത്. ജൂൺ, ജൂലായ് മാസങ്ങളിൽ ആരംഭിച്ച് സെപ്തംബർ, ഒക്ടോബർ കാലയളവോടെ അവസാനിക്കുന്നതാണ് ഈ കൂടുകൂട്ടൽ കാലം. കേരളത്തിലെ സ്ഥിരവാസികളായ വെള്ളരിക്കൊക്കുകൾ, നീർക്കാക്കകൾ, ഹെറോണുകൾ എന്നിവയെല്ലാം കൂടി ഒരുമിച്ചാണ് ഇത്തരം സങ്കേതങ്ങളിൽ കൂടു കൂട്ടുന്നത്.
രണ്ടായിരത്തി പതിനാല് മുതൽ എല്ലാവർഷവും കേരളത്തിലെ എല്ലാ ജില്ലകളിലും കൊറ്റില്ലങ്ങളുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ് അവിടെ കണക്കെടുപ്പ് നടത്തി വരുന്നു. കേരള വനം വകുപ്പിന്റെ സാമൂഹ്യ വനവത്ക്കരണ വിഭാഗത്തിന്റെ സഹകരണത്തോടെ പക്ഷി പഠനരംഗത്തുള്ള സംഘടനകളാണ് സംസ്ഥാനത്ത് ഈ സർവ്വേ നടത്തുന്നത്. ഏതൊക്കെ ജാതിയിൽപ്പെട്ട പക്ഷികളാണ് കൂടുകൂട്ടുന്നത്, അവ ഏതു മരങ്ങളാണ് തെരഞ്ഞെടുത്തിരിക്കുന്നത്, ഓരോ ഇനത്തിന്റെയും എത്ര കൂടുകളുണ്ട്, പക്ഷികളുടെ എണ്ണം, കൊറ്റില്ലത്തിന്റെ സ്ഥാനം എന്നിങ്ങനെയുള്ള വിവരങ്ങൾ ശാസ്ത്രീയമായി ശേഖരിച്ച് അപഗ്രഥനത്തിനു വിധേയമാക്കുന്നു. ഇങ്ങനെ കണ്ടെത്തുന്ന വിവരങ്ങൾ വന്യജീവി സംരക്ഷണ രംഗത്ത് നയരൂപീകരണത്തിന് പ്രയോജനപ്പെടുത്തുന്നു
ജില്ലയിലെ പക്ഷിനിരീക്ഷകരുടെ കൂട്ടായ്മയായ പത്തനംതിട്ട ബേഡേഴ്‌സ് ആണ് ജില്ലയിൽ കണക്കെടുപ്പ് നടത്തിയത്. ജില്ലയിലെ പ്രധാനപ്പെട്ട കൊറ്റില്ലങ്ങളായ പന്തളം, പഴകുളം, പത്തനംതിട്ട എന്നിവിടങ്ങളിൽ സർവ്വേ നടന്നു. പന്തളം കൊറ്റില്ലത്തിൽ ആറ് മരങ്ങളിലായി ഏഴ് ജാതി പക്ഷികളുടെ മുന്നൂറിലേറെ കൂടുകളും പഴകുളം തെങ്ങുംതാര ഭാഗത്തുള്ള കൊറ്റില്ലത്തിൽ ഏഴ് മരങ്ങളിലായി ആറ് ജാതി പക്ഷികളുടെ എൺപത് കൂടുകളും കണ്ടെത്തി. പത്തനംതിട്ട വെട്ടിപ്പുറം ജംഗ്ഷൻ, കെ.എസ്.ആർ.ടി.സി എന്നിവിടങ്ങളിലായി ദൃശ്യമായിട്ടുള്ള ഹെറോണറിയിൽ പത്ത് മരങ്ങളിലായി ആറ് ജാതി പക്ഷികളുടെ നൂറിലേറെ കൂടുകളും കണ്ടെത്തി. പന്തളം ഹെറോണറിയിൽ ചിറകുമുളച്ച അവസ്ഥയിലുള്ളവയാണ് കൂടുതലും. എന്നാൽ മറ്റു കൊറ്റില്ലങ്ങളിലാവട്ടെ മുട്ടയ്ക്ക് അടയിരിക്കുന്നവയും. ചിറകു മുളക്കാത്ത കുഞ്ഞുങ്ങളോടു കൂടിയവയുമായ കൂടുകളാണ് നിരീക്ഷിക്കപ്പെട്ടത്. പെരുമുണ്ടി, ചെറുമുണ്ടി, ചിന്നമുണ്ടി, കുളക്കൊക്ക്, പാതിരാക്കൊക്ക്, കൊച്ചുനീർക്കാക്ക, കിന്നരി നീർക്കാക്ക, ചേരക്കോഴി എന്നിവയാണ് ഈ മൂന്നു കൊറ്റില്ലങ്ങളിലുമായി കൂടൊരുക്കിയിരിക്കുന്നത്. പാതിരാക്കൊക്ക് പത്തനംതിട്ട കൊറ്റില്ലത്തിൽ മാത്രമാണുള്ളത്. വംശനാശഭീഷണി നേരിടുന്ന ചേരക്കോഴി പന്തളം ഹെറോണറിയിൽ മാത്രവും. മുൻകാലങ്ങളിൽ മുന്നൂറിലധികം കൂടുകളുണ്ടായിരുന്ന ഇവിടെ ഇത്തവണ ചേരക്കോഴിയുടെ നൂറ്റിയൻപതിൽ താഴെ കൂടുകൾ മാത്രമാണ് കാണാൻ സാധിച്ചത്. മാർക്കറ്റ് റോഡിലെ വലിയ മരം മുറിച്ചതാകാം കാരണമെന്ന് നിരീക്ഷകർ പറയുന്നു.
നിയമം കണ്ണടയ്ക്കുന്നു
പത്തനംതിട്ട ബേഡേഴ്‌സ് കോർഡിനേറ്റർ ഹരി മാവേലിക്കര , പ്രസിഡണ്ട് ജിജി സാം, എന്നിവരുടെ നേതൃത്വത്തിൽ പക്ഷിനിരീക്ഷകരായ റോബിൻ. സി. കോശി, സിയാദ് കരീം, അരുൺ സിംഗ് എന്നിവരുമടങ്ങുന്ന സംഘമാണ് കണക്കെടുപ്പ് നടത്തിയത്. എല്ലാ ജില്ലകളിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങൾ സംസ്ഥാനത്ത് ക്രോഡീകരിച്ച് സംസ്ഥാന തലത്തിൽ ശാസ്ത്രീയമായ റിപ്പോർട്ട് തയ്യാറാക്കി വനം വകുപ്പിന് കൈമാറും. നീർത്തടങ്ങളുടെ പാരിസ്ഥിതികാരോഗ്യം നിലനിറുത്തുന്നതിൽ നീർപക്ഷികളുടെ പങ്ക് വളരെ വലുതാണെന്നും അവയുടെ നിലനിൽപ്പിന് അവയുടെ പ്രജനനകേന്ദ്രങ്ങൾ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും ഹരി മാവേലിക്കര ചൂണ്ടിക്കാട്ടി. ഇത്തരം പ്രജനന കേന്ദ്രങ്ങളിലെ പക്ഷിക്കാഷ്ഠത്തിന്റെ ശല്യമുണ്ടെന്ന് പറഞ്ഞ് കൂടുകളുള്ള മരങ്ങൾ വെട്ടിക്കളയുന്നത് ക്രൂരകൃത്യമാണ്. പക്ഷികളുടെ കൂടുകൾ നശിപ്പിക്കുക, കുഞ്ഞുങ്ങളെ കൊല്ലുക, കൂടുകൂട്ടിയിട്ടുള്ള മരങ്ങൾ വെട്ടുക എന്നിവ വന്യജീവി സംരക്ഷണ നിയമപ്രകാരം ജാമ്യം ലഭിക്കാത്ത കുറ്റകൃത്യവുമാണ്. വന്യമൃഗങ്ങൾ കൊല്ലപ്പെടുമ്പോഴും വനത്തിനുള്ളിലെ മരങ്ങൾ അനധികൃതമായി മുറിക്കപ്പെടുമ്പോഴും മാത്രമാണ് വന്യജീവി നിയമം എടുത്തു പ്രയോഗിക്കുന്നത്. പക്ഷികളുടെ ആവാസ കേന്ദ്രങ്ങളായ പാതയോരങ്ങളിലെ മരങ്ങൾ മുറിക്കുന്നവർക്കെതിരെ കേസെടുക്കാറില്ല. നിയമം അവനവന് സൗകര്യം പോലെ ഉപയോഗിക്കുകയാണ്. പാതയോരങ്ങളിലെ മരം മുറിച്ചു മാറ്റിയാൽ പകരം നടുന്ന പരിപാടി പ്രഹസനമായി മാറുകയാണ്. നട്ടവ നാമ്പിടാതെ നശിക്കുകയാണ്. സാമൂഹിക വനവൽക്കരണം പിഴവ് കൂടാതെ ലക്ഷ്യത്തിലെത്തിക്കാനുള്ള ആദ്യം ഉത്തരവാദിത്വം കാട്ടേണ്ടത് ഭരണകൂടമാണ്.